ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്താനിലേക്ക്. ഒക്ടോബർ 15, 16 തീയതികളിലായി ഇസ്‌ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് സന്ദർശനം. ഇന്ത്യൻ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിൻ്റെ ആദ്യ പാകിസ്താൻ സന്ദർശനമാണിത്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും. 

To advertise here,

2015-ന് ശേഷം ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ആദ്യ പാകിസ്താൻ സന്ദർശനമാണിത്. സുഷമ സ്വരാജാണ് അവസാനമായി പാകിസ്താൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി. 2015 ഡിസംബറിൽ അഫ്​ഗാനിസ്താനുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ അവർ ഇസ്ലാമാബാദ് സന്ദർശിച്ചിരുന്നു. 

ഷാങ്ഹായ് സഹകരണ സഖ്യം കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് (സി.എച്ച്.ജി.) നിലവിലെ അധ്യക്ഷസ്ഥാനം പാകിസ്താനാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന എസ്.സി.ഒ. രാഷ്ട്രതലവന്മാരുടെ യോഗത്തിന് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നത്. ഇസ്ലാമാബാദിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്താൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നുവെന്ന് വിദേശകാര്യ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. 

യോഗത്തിൽ പങ്കെടുക്കുന്നതിന്  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചതായി പാക് വിദേശകാര്യ വക്താവ് മുംതാസ് സഹ്‌റ ബലോച്ചും പറഞ്ഞിരുന്നു. എന്നാൽ, അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താനിൽ രാജ്യത്തിന്റെ ഉന്നതനേതാവ് പോകേണ്ടെന്ന ഇന്ത്യയുടെ നയം ഇക്കാര്യത്തിലും തുടരുമെന്നാണറിയുന്നത്. കഴിഞ്ഞവർഷം കിർഗിസ്താനിലെ ബിഷ്കെക്കിൽ നടന്ന ഉച്ചകോടിയിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്.

പാകിസ്താൻ തീവ്രവാദത്തിനെതിരെ യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യയുടെ ശക്തമായ നിലപാടിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പാകിസ്താൻ സന്ദർശനം. അതിർത്തി കടന്നുള്ള ഭീകരതയിൽ പാകിസ്താൻറെ നയത്തെ എസ്. ജയശങ്കർ ശക്തമായി വിമർശിച്ചിരുന്നു. തീവ്രവാദത്തിന് ദീർഘകാലമായി നൽകുന്ന പിന്തുണ വിജയിക്കുകയില്ലെന്നും പ്രവർത്തനങ്ങൾക്ക് അനന്തര ഫലങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.