
ന്യൂഡല്‍ഹി: പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സര്‍ക്കാരല്ലെന്ന് വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളനുസരിച്ചാണ് കരട് വിജ്ഞാപനം ഇറക്കുന്നതെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള സ്ഥലം പരിസ്ഥിതി ദുര്‍ബല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഇറക്കിയ വിഷയം കെ.സി. വേണുഗോപാല്‍ സഭയില്‍ ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനം വയനാട്ടില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സുല്‍ത്താന്‍ബത്തേരി ബസ് സ്റ്റാന്‍ഡ് പോലുംപരിസ്ഥിതി ദുര്‍ബലമേഖലയാക്കുകയാണ്. ഇത്തരം വിജ്ഞാപനം ഇറക്കുംമുന്‍പ് പ്രദേശവാസികളുമായി കൂടിയാലോചനകള്‍ നടത്തി അഭിപ്രായം തേടണമായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇതുസംബന്ധിച്ച് മന്ത്രിക്ക് കത്തുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും വില്ലേജുകളെ തിരഞ്ഞെടുത്ത് പരിസ്ഥിതി ദുര്‍ബലമായി പ്രഖ്യാപിക്കുകയല്ല ചെയ്യുന്നതെന്ന് മന്ത്രി ജാവദേക്കര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതനുസരിച്ചാണ് കരട് തയ്യാറാക്കുന്നതെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് അഭിപ്രായനിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവിമേഖലകളില്‍ കേരളത്തില്‍ പലയിടത്തും വന്യമൃഗങ്ങള്‍ മനുഷ്യരെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി ഗ്രാമവാസികളെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തിലുണ്ടായെന്നും അദ്ദേഹം അറിയിച്ചു. ഇത് വളരെ പ്രധാനപ്പെട്ടതും ഗുരുതരവുമായ വിഷയമാണെന്ന് മന്ത്രി ജാവഡേക്കര്‍ സമ്മതിച്ചു. അതേസമയം ഇക്കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്നും സഹാനുഭൂതിയുള്ള സമീപനംവേണം. വന്യമൃഗങ്ങളുടെ അക്രമത്തില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് 500 മനുഷ്യര്‍ കൊല്ലപ്പെട്ടു. നൂറ് ആനകളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights: Environment vulnerability zone - Prakash Javadekar
Published: 08 Feb 2021, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented