ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കാബിനറ്റ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയച്ചതായി വിവരാവകാശ രേഖ. ജോലി വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചത്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

To advertise here,

2026 ജൂലൈ 28-ന് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പുറപ്പെടുവിച്ച ജോലി വിഭജന ഉത്തരവാണ് തർക്കത്തിന് കാരണമായത്. വോട്ടർപട്ടികയുടെ ഐ.ടി സംവിധാനത്തിന്റെ മേൽനോട്ട ചുമതലയിൽ തങ്ങളുടെ അറിവില്ലാതെ മാറ്റങ്ങൾ വരുത്തിയതിൽ കമ്മിഷണർമാർ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ ഉത്തരവ് നടപ്പിലാക്കാതെ മാറ്റിവെക്കുകയുണ്ടായി.

ഇരുകമ്മിഷണർമാരും അയച്ച 10 പേജുള്ള കത്തുകൾ ജൂലായ് 30നാണ് കാബിനറ്റ് സെക്രട്ടറിയേറ്റിൽ ലഭിച്ചത്. തുടർന്ന് ഓഗസ്റ്റ് 5-ന് കാബിനറ്റ് സെക്രട്ടറി ഈ കത്തുകൾ പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഓഫീസിലേക്കും കൈമാറി. 10 പേജുള്ള കത്തുകൾ, 2 പേജുള്ള മറുപടികൾ, 2 പേജുള്ള ഫയൽ നോട്ടിങ്ങുകൾ എന്നിവയുൾപ്പെടെ ആകെ 14 പേജുള്ള രേഖകളാണ് കൈമാറിയത്.

കത്തിലെ ഉള്ളടക്കത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വിവരാവകാശരേഖയിൽ ഇല്ല. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷണറുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യമായി പുറത്തുവരുന്ന ഔദ്യോഗിക രേഖയാണിത്. പരാതി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കത്ത് കാബിനറ്റ് സെക്രട്ടറിക്ക് കൈമാറിയതായും കത്ത് സ്ഥിരീകരിക്കുന്നു.

കത്ത് നൽകിയതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 26-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തത വരുത്തിയിരുന്നു. കത്ത് നയപരമായ തീരുമാനങ്ങളെയോ ഐ.ടി വിഭാഗത്തെയോ കുറിച്ചുള്ളതല്ലെന്നും ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണെന്നുമാണ് കമ്മിഷൻ വിശദീകരിച്ചത്.