ന്യൂഡല്‍ഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ ശനിയാഴ്ച രാജിവെച്ചത്. രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചതായി നിയമമന്ത്രാലയം പ്രസ്താവനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. അദ്ദേഹത്തെ രാജിയിൽനിന്ന് പിൻതിരിപ്പിക്കാൻ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടായിട്ടും വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് ഗോയല്‍ രാജിക്കൊരുങ്ങിയതെന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരമെന്ന് ദേശീയമാധ്യമമായ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

To advertise here,

പൂര്‍ണ ആരോഗ്യവാനാണ് ഗോയല്‍ എന്നുള്ള ഉന്നതതല വൃത്തങ്ങളുടെ സൂചനയുടെ അടിസ്ഥാനത്തില്‍ രാജിയ്ക്ക് പിന്നില്‍ ആരോഗ്യപരമായ കാരണങ്ങളാണെന്ന അഭ്യൂഹവും നീങ്ങി. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറുമായുള്ള അഭിപ്രായഭിന്നതയാണ് ഗോയലിന്റെ രാജിയ്ക്ക് കാരണമായതെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഗോയലിന്റെ നിയമനവും വിവാദമായിരുന്നു

1985 ബാച്ച് പഞ്ചാബ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്ന അരുണ്‍ ഗോയലിനെ സര്‍വീസ് ബാക്കിനില്‍ക്കെ 2022 നവംബര്‍ 18-ന് സ്വയംവിരമിച്ചതിന്റെ പിറ്റേന്നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു കമ്മിഷണറായി നിയമിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഈ നിയമനം നടത്തിയതെന്നാരോപിച്ച് അന്ന് കടുത്ത വിവാദങ്ങളുയര്‍ന്നിരുന്നു.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.) എന്ന സന്നദ്ധസംഘടന നിയമനത്തിനെതിരേ സുപ്രീംകോടതിയെയും സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യത്തെയും സ്ഥാപനത്തിന്റെ വിശ്വാസ്യതയെയും തകര്‍ക്കുന്നതാണ് നിയമന നടപടിയെന്നായിരുന്നു ഹര്‍ജിയില്‍ എ.ഡി.ആര്‍. ചൂണ്ടിക്കാട്ടിയിരുന്നത്. ഹര്‍ജി തള്ളിയെങ്കിലും കമ്മിഷണറുടെ നിയമനത്തിന് ഇത്ര തിടുക്കമെന്താണെന്ന് കോടതി വിമര്‍ശിച്ചിരുന്നു.

രാജിയോടെ മൂന്നംഗ കമ്മിഷനില്‍ രണ്ടുപദവികള്‍ ഒഴിഞ്ഞു. മറ്റൊരു കമ്മിഷണര്‍ അനൂപ് പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന് 2025 ഫെബ്രുവരിവരെയാണ് കാലാവധി. അദ്ദേഹം വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാകേണ്ടിയിരുന്നത് ഗോയലായിരുന്നു.

ഈയാഴ്ച അവസാനത്തോടെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ ഗോയലിന്റെ അപ്രതീക്ഷിത രാജി മൂലം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകിയേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഗോയലിന്റെ രാജിയോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ്കുമാര്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ, തിരഞ്ഞെടുപ്പുകമ്മിഷനിലെ രണ്ടൊഴിവിലേക്കും കേന്ദ്രസര്‍ക്കാരിന് നേരിട്ട് നിയമനം നടത്താനാകും.

എന്താണ് അടുത്ത നടപടി? 

കേന്ദ്ര നിയമമന്ത്രി നേതൃത്വംനല്‍കുന്ന രണ്ട് കേന്ദ്ര സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സെര്‍ച്ച് കമ്മിറ്റിയാണ് പുതിയ തിരഞ്ഞെടുപ്പ് കമ്മിഷനെ തിരഞ്ഞെടുക്കാനുള്ള ആദ്യനടപടി പൂര്‍ത്തിയാക്കുന്നത്. യോഗ്യതയുള്ള അഞ്ച് പേരുകള്‍ ഉള്‍പ്പെടുത്തി ഈ കമ്മിറ്റി ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കും. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കും.

പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രിയെ കൂടാതെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവോ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവോ ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റി അന്തിമതീരുമാനമെടുക്കും. തിരഞ്ഞെടുക്കപ്പെട്ട മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറേയോ തിരഞ്ഞെടുപ്പ് കമ്മിഷണറേയോ രാഷ്ട്രപതി ഔദ്യോഗികമായി നിയമിക്കും. 

ജനാധിപത്യം അട്ടിമറിക്കപ്പെടുമെന്ന് പ്രതിപക്ഷം

ഗോയലിന്റെ അപ്രതീക്ഷിത രാജിയെ സാമൂഹികമാധ്യമത്തിലൂടെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. 'ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഒരംഗം മാത്രം അവശേഷിക്കുന്നതിന് കാരണമെന്ത്? ഇത് ഇലക്ഷന്‍ കമ്മിഷനോ അതോ ഇലക്ഷന്‍ ഒമിഷനോ?'. ഖാര്‍ഗെ എക്‌സിൽ ചോദിച്ചു. 

'നമ്മുടെ ജനാധിപത്യവ്യവസ്ഥ ഏകാധിപത്യത്താല്‍ അട്ടിമറിക്കപ്പെടും! പരാജയപ്പെടുന്ന ഏറ്റവും ഒടുവിലത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പട്ടികയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ഇടംപിടിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തിരഞ്ഞെടുക്കാനുള്ള പുതിയ നടപടിക്രമങ്ങള്‍ നിലവില്‍വന്നതോടെ ഭരണകക്ഷിയ്ക്കും പ്രധാനമന്ത്രിയ്ക്കും പൂര്‍ണ അധികാരമാണ് ലഭിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ കാലാവധി പൂര്‍ത്തിയായിട്ടും എന്തുകൊണ്ടാണ് പുതിയ കമ്മിഷണറെ നിയമിക്കാത്തത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം മോദി സര്‍ക്കാര്‍ മറുപടി നല്‍കിയേ മതിയാകൂ, യുക്തിസഹമായ വിശദീകരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം', ഖാര്‍ഗെ ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവെച്ചത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യവ്യവസ്ഥയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ ഉടനടി നിയമിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെ അഭിപ്രായപ്പെട്ടു.