മഹാരാഷ്ട്രയിലെ മഹാനാടകത്തിന് തിരശ്ശീല വീഴുമ്പോള്‍ ഒരേസമയം വില്ലനും നായകനുമായി ഏക്‌നാഥ് ഷിന്ദേ. വിമതരെ ഒപ്പം ചേര്‍ത്തും ഉദ്ധവിനെ വീഴ്ത്തിയും 31 മാസം പ്രായമുള്ള മഹാ വികാസ് അഘാഡി
സര്‍ക്കാരിനെ നിലംപരിശാക്കിയുമാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദത്തിലേക്കുള്ള ഷിന്ദേയുടെ അവരോഹണം. ശിവസേനാ വിമതര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് മുഖ്യമന്ത്രിസ്ഥാനവും ഏക്‌നാഥ് ഷിന്ദേയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, ഏക്‌നാഥ് ഷിന്ദേയാകും മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിക്കുകയായിരുന്നു. താനെ സിറ്റിയിലെ ഓട്ടോറിക്ഷാ ഡ്രൈവറില്‍നിന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദത്തിലേക്കായിരുന്നു ഷിന്ദേയുടെ രാഷ്ട്രീയസവാരി.
ഫഡ്‌നാവിസ് വിശാലഹൃദയന്‍-ഷിന്ദേ
Also Read
മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദേശിച്ചതിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസിന് ഷിന്ദേ നന്ദി അറിയിച്ചു. ഫഡ്‌നാവിസ് വിശാലഹൃദയനാണ്. ബി.ജെ.പിക്ക് 120 എം.എല്‍.എമാരുണ്ട്. എന്നിട്ടും ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം എടുത്തില്ല. അദ്ദേഹത്തോട് ഞാന്‍ നന്ദി അറിയിക്കുകയാണ്- ഷിന്ദേ പറഞ്ഞു. ഫഡ്‌നാവിസിന് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റു ബി.ജെ.പി. നേതാക്കള്‍ക്കും ഷിന്ദേ നന്ദി അറിയിച്ചു.

ഷിന്ദേയ്‌ക്കൊപ്പം ആരൊക്കെ
നാല്‍പ്പത് ശിവസേനാ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ആകെ അന്‍പത് എം.എല്‍.എമാരുടെ പിന്തുണ ഒപ്പമുണ്ടെന്നാണ് ഏകനാഥ് ഷിന്ദേയുടെ അവകാശവാദം. പോരാട്ടത്തില്‍ ഒപ്പം നിന്നവരാണ് അവരെന്നും ആ അന്‍പതുപേര്‍ തന്നില്‍ അര്‍പിച്ച വിശ്വാസത്തിന് ഒരു പോറല്‍ പോലും ഏല്‍പിക്കുകയില്ലെന്നും ഷിന്ദേ വ്യക്തമാക്കി. ശിവസേനയ്ക്കുള്ളില്‍ വിമതര്‍ നടത്തിയ കലാപം സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നില്ല. അത് ആശയത്തിനും ബാല്‍ താക്കറേയുടെ ഹിന്ദുത്വയ്ക്കു വേണ്ടിയുള്ളതായിരുന്നു-ഷിന്ദേ വ്യക്തമാക്കിയിട്ടുണ്ട്. ഇവയില്‍നിന്ന് ഉദ്ധവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ ആനന്ദനൃത്തം ചവിട്ടിയാണ് വിമത എം.എല്‍.എമാര്‍ സ്വീകരിച്ചത്. മാത്രമല്ല, ഷിന്ദേ അനുകൂല ശിവസേനാ പ്രവര്‍ത്തകര്‍ മഹാരാഷ്ട്ര നിയമസഭയ്ക്കു മുന്നില്‍ പ്രകടനവും നടത്തിയിരുന്നു.
ആരാണ് ഷിന്ദേ
താനെയില്‍നിന്നുള്ള ശിവസേനയുടെ കരുത്തനായ നേതാവാണ് 58 കാരനായ ഏകനാഥ് ഷിന്ദേ. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ജവാലിയില്‍ 1964 ഫെബ്രുവരി ഒന്‍പതിനാണ് ഷിന്ദേയുടെ ജനനം. ശിവസേനയുടെ സാധാരണ പ്രവര്‍ത്തകനായി തുടങ്ങിയ ഷിന്ദേയുടെ വളര്‍ച്ച പക്ഷെ ഞെട്ടിപ്പിക്കും വിധത്തിലായിരുന്നു. നാലുവട്ടം എം.എല്‍.എ. ആയിട്ടുള്ള ഷിന്ദേ, ഉദ്ധവ് താക്കറേ മന്ത്രിസഭയില്‍ നഗരവികസന വകുപ്പുമന്ത്രിയായിരുന്നു.
ആനന്ദ് ഡിഗെയ്ക്ക് ശേഷം പാര്‍ട്ടിയുടെ താനെ ജില്ലയിലെ അനിഷേധ്യ നേതാവായി ഷിന്ദേ ഉയരുകയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ശ്രീകാന്ത് ഷിന്ദേ എം.പി.യാണ്. സഹോദരന്‍ നഗരസഭാംഗമാണ്. മദ്യശാലയില്‍ വിതരണക്കാരനായും ഓട്ടോറിക്ഷ തൊഴിലാളിയായും ജോലിനോക്കി പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടക്കംകുറിച്ച ഷിന്ദേ ക്രമേണ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഉയരുകയായിരുന്നു. ആനന്ദ് ഡിഗെയാണ് ഷിന്ദയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് ബാല്‍താക്കറെയുടെ പ്രിയം പിടിച്ചുപറ്റി.
1990-കളില്‍ നഗരസഭ അംഗമായി തീര്‍ന്ന ഷിന്ദേ പിന്നീട് തുടര്‍ച്ചയായി നാല് തവണ എം.എല്‍.എയായി. ഫഡ്‌നവിസ് മന്ത്രിസഭയില്‍ അംഗമായി. ശിവസേന ബി.ജെ. പിയുമായി ബന്ധം വിടര്‍ത്തിയതോടെ പ്രതിപക്ഷ നേതാവായി. മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പേര് ഉയര്‍ന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെ നഗര വികസനം എന്ന സുപ്രധാന വകുപ്പ് ലഭിച്ചു. എന്നാല്‍ ആ വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടലാണ് ഷിന്ദേയെ വിമതനാക്കി മാറ്റിയതെന്നാണ് അറിയുന്നത്.
നഗരസഭകളും എം.എം.ആര്‍.ഡി.എ എന്ന വികസന അതോറിറ്റിയും നഗരവികസന വകുപ്പിന്റെ കീഴിലാണ്. എന്നാല്‍ അവിടെ നടക്കുന്ന പല കാര്യങ്ങളും താന്‍ അറിയുന്നില്ലെന്ന് ഷിന്ദെ പരിഭവിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നവിമുംബൈയില്‍ തിരുപ്പതി ബാലാജി ക്ഷേത്രത്തിന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതുപോലും താനുമായി ആലോചിക്കാതെ ആയിരുന്നു എന്നാണ് ഷിന്ദേയുടെ പരാതി. മന്ത്രി അനില്‍ പരബ്, ഉദ്ധവിന്റെ സെക്രട്ടറി മിലിന്ദ് നര്‍വേക്കര്‍, ആദിത്യ താക്കറെ എന്നിവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നു മനസ്സിലാക്കിയ ഷിന്ദേ വിമതനായി മാറുകയായിരുന്നുവെന്നാണ് അറിയുന്നത്.
Content Highlights: eknath shinde to sworn as chief minister of maharashtra
Published: 30 Jun 2022, 07:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented