മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകീയതകള്‍ക്കും അട്ടിമറികള്‍ക്കും അന്ത്യമാകുന്നില്ല. എന്‍സിപി പിളര്‍ത്തി അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍ഡിഎയിലേക്ക് ചേക്കേറിയതിന് പിന്നാലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തില്‍ തര്‍ക്കംമൂത്തു. അജിത് പവാറടക്കം ഒമ്പത് എന്‍സിപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം മന്ത്രിസഭയില്‍ ചേര്‍ന്നിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ടാണ് ഷിന്ദേ വിഭാഗം സേന എംഎല്‍എമാര്‍ പരസ്യപ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഷിന്ദേ വിഭാഗത്തിലെ എംഎല്‍എമാര്‍ മന്ത്രിസഭയില്‍ അവസരം ലഭിക്കുന്നതും കാത്തിരിക്കുന്നതിനിടയിലാണ് ഒമ്പത് എന്‍സിപി എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

To advertise here,

ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ചേരാന്‍ മന്ത്രിമാരടക്കം സന്നദ്ധത അറിയിച്ച് പരസ്യമായി രഗംത്തെത്തിയത് എന്‍ഡിഎ നേതൃത്വത്തെ വലച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെ ഏതെങ്കിലും തരത്തില്‍ നിര്‍ദേശങ്ങളുമായി തങ്ങളെ സമീപിച്ചാല്‍ അനുകൂലമായി പ്രതികരിക്കുമെന്ന് ഷിന്ദേ സേന വിഭാഗത്തിലെ മന്ത്രിയായ ശംഭുജരാജെ ദേശായി പറഞ്ഞു.

അസ്വരാസ്യം വര്‍ധിച്ചതിനെ തുടര്‍ന്ന് എംഎല്‍എമാരുടേയും പാര്‍ട്ടി നേതാക്കളുടേയും യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ് ഷിന്ദേ. ഇന്ന് വൈകീട്ട് ഷിന്ദേയുടെ ഔദ്യോഗിക വസതിയിലാണ് യോഗം. 

ചൊവ്വാഴ്ച മന്ത്രി ദീപക് കേസര്‍ക്കറുടെ വസതിയില്‍ ശിവസേനയുടെ കോര്‍ കമ്മിറ്റിയോഗം നടന്നിരുന്നു. യോഗത്തില്‍ നിരവധി എംഎല്‍എമാരാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

'എല്ലാം ത്യജിക്കേണ്ടി വന്നാല്‍ പിന്നെ അധികാരത്തില്‍ ഇരിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന്' സേന എംഎല്‍എ സഞ്ജയ് ഷിര്‍സാത്ത് ചോദിച്ചു. എന്നാല്‍ അതൃപ്തികളുണ്ടെങ്കില്‍ അതെല്ലാം താത്കാലികമാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം.

ഇതിനിടെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെയെയും അദ്ദേഹത്തോടൊപ്പമുള്ള എം.എല്‍.എ.മാരെയും അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ സ്പീക്കര്‍ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനെതിരേ ഉദ്ധവ് വിഭാഗം കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഉടനെ തീരുമാനം കൈക്കൊള്ളാന്‍ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.

ഉദ്ധവ് വിഭാഗം നേതാവ് സുനില്‍പ്രഭുവാണ് കോടതിയെ സമീപിച്ചത്. എം.എല്‍.എ. മാരെ അയോഗ്യരാക്കുന്നകാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് മേയ് 11- ന് സുപ്രീംകോടതി വ്യക്തമാക്കിയതിനുപിന്നാലെ മൂന്നുതവണ ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കറെ സമീപിച്ചെങ്കിലും തീരുമാനം വൈകിപ്പിക്കുകയാണെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. ഷിന്ദെയെയും അദ്ദേഹത്തോടൊപ്പമുള്ള 38 എം.എല്‍.എ. മാരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളതെന്ന് സുനില്‍പ്രഭു വ്യക്തമാക്കി. എം.എല്‍.എ.മാരുടെ അയോഗ്യതാ പ്രശ്‌നത്തില്‍ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും അതില്‍ ആക്ഷേപം ഉയരുകയാണെങ്കില്‍ കോടതിക്ക് ഇടപെടാമെന്നും ശിവസേനയിലെ പിളര്‍പ്പ് സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.