ന്യൂഡല്‍ഹി: ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതിയിലെത്തുന്നത് 2017 ഒക്ടോബറിലാണ്. അന്നു മുതല്‍ ഇന്നുവരെ 30 തവണ സുപ്രീംകോടതി ലിസ്റ്റ് ചെയ്ത് പരിഗണിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. ഇതിനിടെ അഞ്ച് തവണ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ ഹര്‍ജി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും (മെന്‍ഷനിങ്) ചെയ്തിരുന്നു. 

To advertise here,

ഏറ്റവുമൊടുവില്‍ ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോഴും വേനലവധിക്ക് ശേഷം ജൂലായില്‍ പരിഗണിക്കാനായി മാറ്റാമെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. എന്നാല്‍ മാര്‍ച്ചിലോ ഏപ്രിലിലോ പരിഗണിക്കണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് മേയ് ഒന്നിലേക്ക് അന്തിമ വാദത്തിനായി വെച്ചു. 

എന്താണ് ലാവലിന്‍ കേസ്? കക്ഷികളും പ്രതികളും ആരെല്ലാം?

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി ഖജനാവിന് 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. 

കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ അപ്പീലുകളുമാണ് സുപ്രീംകോടതിക്ക് മുന്‍പാകെയുള്ളത്. പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരേ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ നല്‍കിയ ഹര്‍ജിയുമുണ്ട്.

അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരി രംഗ അയ്യര്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ അംഗം കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരോടാണ് വിചാരണ നേരിടാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. 

ഒന്നാം വര്‍ഷം (2017) സുപ്രീംകോടതിയില്‍

  • ഒക്ടോബര്‍ 27: എല്ലാ ഹര്‍ജികളും ഒന്നിച്ച് പരിഗണിക്കണമെന്ന് പ്രതി ആര്‍. ശിവദാസന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി. ശിവദാസന്‍ മുഖ്യ പ്രതിയല്ലേയെന്ന് കോടതി. മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് ശിവദാസന്‍ പ്രവര്‍ത്തിച്ചതെന്ന് റോഹ്തഗി. കേസ് ആറാഴ്ചത്തേയ്ക്ക് മാറ്റി.
  • ഡിസംബര്‍ 11: കേസ് ഒരു മാസത്തേയ്ക്ക് മാറ്റി.

രണ്ടാം വര്‍ഷം (2018)

  • ജനുവരി 10: സി.ബി.ഐ. ആവശ്യപ്പെട്ട പ്രകാരം കേസ് ഒരു ദിവസത്തേയ്ക്ക് മാറ്റി.
  • ജനുവരി 11: മൂന്ന് പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ, പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്. കേസില്‍ ചിലരെ മാത്രം തിരഞ്ഞുപിടിച്ച് വെറുതേവിട്ടത് ശരിയായില്ലെന്ന് സി.ബി.ഐ.
  • മാര്‍ച്ച് ഒമ്പത്: എട്ടാഴ്ചത്തേയ്ക്ക് മാറ്റി.
  • മേയ് 16: വേനലവധിക്ക് ശേഷം കേള്‍ക്കാനായി മാറ്റി.
  • ജൂലായ് നാല്: മറുപടി നല്‍കാന്‍ സമയം വേണമെന്ന് സി.ബി.ഐ., കേസ് നാലാഴ്ചത്തേയ്ക്ക് മാറ്റി.
  • ഓഗസ്റ്റ് 17: നാലാഴ്ചത്തേയ്ക്ക് മാറ്റി.
  • നവംബര്‍ രണ്ട്: കേസ് ജനുവരിയിലേക്ക് മാറ്റി.

മൂന്നാം വര്‍ഷം (2019)

  • ജനുവരി പത്ത്: ആറാഴ്ചത്തേയ്ക്ക് മാറ്റി.
  • ഫെബ്രുവരി 22: ഏപ്രില്‍ ആദ്യവാരത്തേയ്ക്ക് മാറ്റാന്‍ ഉത്തരവ്.
  • ഏപ്രില്‍ ഒന്ന്- മറുപടി ഫയല്‍ ചെയ്യാന്‍ മൂന്നാഴ്ച വേണമെന്ന് മൂന്നാം എതിര്‍കക്ഷി കെ. മോഹനചന്ദ്രന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസ് വേനലവധിക്ക് ശേഷം കേള്‍ക്കാന്‍ മാറ്റി.
  • ഒക്ടോബര്‍ ഒന്ന്: രണ്ടാഴ്ചത്തേയ്ക്ക് മാറ്റി.

നാലാം വര്‍ഷം (2020)

  • ഓഗസ്റ്റ് 31: മറ്റൊരു ബെഞ്ച് സെപ്റ്റംബര്‍ 21-ന് കേള്‍ക്കണമെന്ന് ഉത്തരവ്.
  • സെപ്റ്റംബര്‍ 30: ഒക്ടോബര്‍ എട്ടിലേക്ക് മാറ്റാന്‍ ഉത്തരവ്.
  • ഒക്ടോബര്‍ എട്ട്: സമഗ്രമായ കുറിപ്പ് തയ്യാറാക്കി നല്‍കാമെന്ന് സി.ബി.ഐ. പറഞ്ഞു. ഒക്ടോബര്‍ 16-ലേക്ക് മാറ്റി.
  • ഒക്ടോബര്‍ 16: നവംബര്‍ അഞ്ചിലേക്ക് മാറ്റാന്‍ ഉത്തരവ്.
  • നവംബര്‍ ആറ്: അസൗകര്യമറിയിച്ച് അഭിഭാഷകന്‍ കത്ത് നല്‍കി, ഡിസംബര്‍ മൂന്നിലേക്ക് മാറ്റി.
  • ഡിസംബര്‍ നാല്: സി.ബി.ഐ.ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന് ജനുവരി ഏഴിലേക്ക് മാറ്റി.

അഞ്ചാം വര്‍ഷം (2021)

  • ജനുവരി ഏഴ്: ജനുവരി 12-ലേക്ക് മാറ്റി.
  • ജനുവരി 12: ഫെബ്രുവരി 23-ലേക്ക് മാറ്റി.
  • ഫെബ്രുവരി 23: ഏപ്രില്‍ ആറിലേക്ക് മാറ്റി.
  • ഏപ്രില്‍ ആറ്: അഭിഭാഷകന്‍ അസൗകര്യമറിയിച്ച് കത്ത് നല്‍കിയതിനേത്തുടര്‍ന്ന് ഏപ്രില്‍ 22-ലേക്ക് മാറ്റി. അന്നാരും കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെടരുതെന്ന് കോടതി.

ആറാം വര്‍ഷം (2022)

  • ഒക്ടോബര്‍ 20: വിശദമായി വാദം കേള്‍ക്കാനുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ട് ഡിസംബര്‍ ഏഴിലേക്ക് മാറ്റി.

ഏഴാം വര്‍ഷം (2023)

  • ഏപ്രില്‍ 24: ജസ്റ്റിസ് സി.ടി. രവികുമാര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറി. കേരള ഹൈക്കോടതിയായിരിക്കേ താന്‍ ലാവലിന്‍ കേസില്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മറ്റൊരു ബെഞ്ചിലേക്ക്.
  • ജൂലായ് 18: സി.ബി.ഐ.ക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ അസൗകര്യം പരിഗണിച്ച് സെപ്റ്റംബര്‍ 12-ലേക്ക് മാറ്റി.
  • സെപ്റ്റംബര്‍ 12: അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ അസൗകര്യം പരിഗണിച്ച് ഒക്ടോബര്‍ പത്തിലേക്ക് മാറ്റി.
  • ഒക്ടോബര്‍ പത്ത്: മറ്റു കേസുകള്‍ നീണ്ടുപോയതിനാല്‍ പരിഗണനയ്‌ക്കെത്തിയില്ല.
  • ഒക്ടോബര്‍ 31: കേസ് ഫെബ്രുവരി ആറിലേക്ക് മാറ്റി. 

എട്ടാം വര്‍ഷം (2024)

  • 2024 ഫെബ്രുവരി ആറ്: വേനലവധിക്ക് ശേഷം ജൂലായില്‍ കേള്‍ക്കാമെന്ന് സുപ്രീംകോടതി. മാര്‍ച്ചിലോ ഏപ്രിലിലോ വേണമെന്ന് സി.ബി.ഐ. തുടര്‍ന്ന്, മേയ് ഒന്നിലേക്ക് അന്തിമ വാദത്തിനായി മാറ്റി.