ന്യൂഡല്‍ഹി: ബിജെപിയുമായി അടുക്കുന്നെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. ആകാശം ആരുടെയും സ്വന്തമല്ലെന്നും പറക്കാൻ അനുമതി ചോദിക്കേണ്ടതില്ലെന്നും അർഥംവരുന്ന ട്വീറ്റ് പങ്കുവെച്ചാണ് തരൂർ കോൺഗ്രസ് നേതാക്കൾക്ക് മറുപടി നൽകിയത്.
ഒരു പക്ഷി മരക്കൊമ്പിലിരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍, 'പറക്കാന്‍ അനുമതി ചോദിക്കേണ്ട ആവശ്യമില്ല. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടെയും സ്വന്തമല്ല' എന്നാണ് തരൂര്‍ പങ്കുവെച്ച ട്വീറ്റിലുള്ളത്. ചില ആളുകള്‍ക്ക് മോദിയാണ് പ്രധാനമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി ലൈന്‍ മറികടക്കുന്നുണ്ടോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണമെന്നും പറയുന്ന കാര്യങ്ങളില്‍ അവനവന് ബോധ്യമുണ്ടാകണമെന്നും കെ.സി വേണുഗോപാലും നേരത്തെ പ്രതികരിച്ചിരുന്നു.
ബുധനാഴ്ച രാവിലെ ഇന്ദിരാ ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു തരൂരിനെതിരേ ഖാര്‍ഗെ വിമര്‍ശനം ഉന്നയിച്ചത്. ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഞങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഒപ്പമാണെന്ന് ആദ്യ ദിവസം മുതല്‍ പറയുന്നതാണ്. ഗുല്‍ബാര്‍ഗയിലും പറഞ്ഞിരുന്നു, രാജ്യമാണ് പ്രധാനം പാര്‍ട്ടി പിന്നീടാണെന്ന്. ചില ആളുകള്‍ക്ക് മോദിയാണ് പ്രധാനം. എന്നാല്‍ ഞങ്ങള്‍ക്ക് രാജ്യമാണ് പ്രധാനം, എന്നായിരുന്നു ഖാര്‍ഗെ പറഞ്ഞത്.
പാര്‍ട്ടി ലൈന്‍ മറികടക്കുന്നുണ്ടോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണമെന്ന് കെ.സി വേണുഗോപാൽ തരൂരിനേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പറയുന്ന കാര്യങ്ങളില്‍ അവനവന് ബോധ്യമുണ്ടാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആലപ്പുഴയിലെ പാവപ്പെട്ട പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തിട്ടാണ് ഞാന്‍ ജയിച്ച് പാര്‍ലമെന്റില്‍ വന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാന്‍ പാര്‍ട്ടിയില്‍ വേദികളുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. മോദിയെ പ്രകീര്‍ത്തിച്ചതിനേക്കുറിച്ച് തരൂരിനോട് തന്നെ ചോദിക്കണമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വവും തരൂരുമായുള്ള അഭിപ്രായവ്യത്യാസം പുകയുന്നതിനിടെ കഴിഞ്ഞദിവസം 'ദ ഹിന്ദു' പത്രത്തിലെഴുതിയ ലേഖനത്തില്‍ മോദിയെ തരൂര്‍ പ്രശംസിച്ചിരുന്നു. മോദിയുടെ ഊര്‍ജവും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും ആഗോളവേദികളില്‍ ഇന്ത്യയുടെ സ്വത്താണ് എന്നായിരുന്നു 'ദ ഹിന്ദു'വിലെ ലേഖനത്തില്‍ തരൂര്‍ പറഞ്ഞത്. പിന്നാലെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെ തരൂര്‍, ബിജെപിയിലേക്കെന്ന വിധത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Content Highlights: dont ask permission to fly shashi tharoor x post after mallikarjun kharge snub
Published: 25 Jun 2025, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented