ന്യൂഡൽഹി: ഭാര്യമാർക്ക് സംരക്ഷണം നൽകുന്ന ഗാർഹികപീഡന, സ്ത്രീധനപീഡന നിയമങ്ങൾ ഭർത്താവിനെ ഭീഷണിപ്പെടുത്താനും സമ്മർദംചെലുത്തി ആനുകൂല്യങ്ങൾ നേടാനും ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി.

To advertise here,

ഭാര്യയുടെ ആവശ്യങ്ങൾ അംഗീകരിപ്പിക്കാൻ ഭർത്താവിനുമേൽ സമ്മർദംചെലുത്താനായി ക്രൂരത, ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, കുറ്റകരമായി തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ സംയുക്ത പാക്കേജായി ചുമത്തുന്ന പ്രവണതയുണ്ടെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.

ഭോപാലിലെ ദമ്പതിമാരുടെ വിവാഹമോചനത്തിന് ഉത്തരവിട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ക്രിമിനൽ നിയമത്തിൽ അവർക്ക് സംരക്ഷണം നൽകുന്നത്. എന്നാൽ, ചില സ്ത്രീകൾ അതിനുവേണ്ടിയല്ല ഈ നിയമങ്ങളെ ഉപയോഗിക്കുന്നത്.

പലപ്പോഴും ഭാര്യയും അവരുടെ ബന്ധുക്കളും ഭർത്താവിനും ഭർത്തൃവീട്ടുകാർക്കുമെതിരേ മേൽപ്പറഞ്ഞ കുറ്റങ്ങൾ സംയുക്ത പാക്കേജായി ആരോപിക്കുന്നു.

ഇതൊരു ആസൂത്രിത തന്ത്രമാണെന്ന് വിലയിരുത്തിയ സുപ്രീംകോടതി, ഇക്കാരണത്താൽ പലപ്പോഴും പ്രതികൾക്ക് ജാമ്യം നിഷേധിക്കുന്ന അവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി. നിസ്സാരമായ വഴക്കുകളാണ് പിന്നീട് മോശമായ പോരാട്ടമായി മാറുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.