ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്താനില്‍ നിന്ന് വരുന്ന കാറ്റാണെന്ന് വാദിച്ച മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാറിനെ വിമര്‍ശിച്ച് സുപ്രീം കോടതി. പാകിസ്താനിലെ വ്യവസായശാലകള്‍ക്ക് സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തണം എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ രഞ്ജിത് കുമാറിനോട് ചോദിച്ചു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് വേണ്ടിയായിരുന്നു രഞ്ജിതിന്റെ വാദം.

രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തില്‍ ഉത്തര്‍ പ്രദേശിലെ വ്യവസായ ശാലകള്‍ക്ക് പങ്കില്ലെന്നും അവിടെയുള്ള വ്യവസായശാലകള്‍ക്ക് സമീപം കാറ്റു വീശുന്നത് താഴോട്ടാണെന്നും അതുകൊണ്ട് മലിനമായ വായു ഡല്‍ഹിയിലേക്ക് പോകില്ലെന്നുമായിരുന്നു രഞ്ജിതിന്റെ വാദം. 

വ്യവസായശാലകള്‍ അടച്ചുപൂട്ടുന്നതിനേയും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തു. ഡല്‍ഹിയിലേയും സമീപ പ്രദേശങ്ങളിലേയും വ്യവസായശാലകള്‍ എട്ടു മണിക്കൂര്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ എന്ന എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്റെ തീരുമാനം പഞ്ചസാര, ക്ഷീര വ്യവസായങ്ങളെ ബാധിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച്. വിദ്യാര്‍ഥിയായ ആദിത്യ ദുബേയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. 

വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിരുന്നു. വായുവിന്റെ ഗുണനിലവാര സൂചിക 405 ആണെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Content Highlights: Do you want us to ban industries in Pakistan asks Supreme Court asks UP govt