ചെന്നൈ:  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ച യോഗം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം യോഗത്തിൽ 13 പാർട്ടികളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. തൃണമൂൽ, വൈ.എസ്.ആർ. കോൺഗ്രസ്‌ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്നില്ല. 

To advertise here,

ജനാധിപത്യവും ഫെഡറലിസവും സംരക്ഷിക്കാനായാണ്  ഈ പോരാട്ടമെന്നും. മണ്ഡല പുനർനിർണയം തെക്കൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ബാധിക്കും. അതുകൊണ്ടാണ് ഒന്നിച്ചു എതിർക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. 

സംസ്ഥാനങ്ങളുടെ ശക്തി കുറക്കുക എന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്ന് സ്റ്റാലിൻ പറഞ്ഞു. മണ്ഡല പുനർനിർണയത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾക്ക് വ്യക്തതയില്ല. രണ്ടു വർഷമായി മണിപ്പൂർ കത്തുകയാണ്.അവരുടെ ശബ്ദം പാർലമെന്റിൽ എത്തുന്നില്ല. കാരണം അവർക്ക് അംഗബലമില്ല. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലം പുനർനിർണയിക്കുന്നത് നീതിയല്ല- സ്റ്റാലിൻ പറഞ്ഞു. 

ഇടുങ്ങിയ രാഷ്ട്രീയ മനോഭാവത്തോടെയാണ് ബി.ജെ.പി. മണ്ഡല പുനർനിർണയം നടത്തുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. യോഗം സംഘടിപ്പിച്ചതിന് സ്റ്റാലിനോട് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. "നമ്മുടെയെല്ലാം തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാളാണ് മണ്ഡല പുനർനിർണയം. വടക്കേ ഇന്ത്യയിൽ മുൻതൂക്കം ലഭിക്കുമെന്നതു കൊണ്ടാണ് ബി.ജെ.പി. മണ്ഡല പുനർനിർണയവുമായി മുന്നോട്ടുപോവുന്നത്. കൂടിയാലോചനകളില്ലാതെ ബി.ജെ.പി.  അവരുടെ തീരുമാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നു."  കേരളത്തോട് കേന്ദ്രം അവഗണന കാണിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

"ഒരു വശത്ത് ജനസംഖ്യാ വിസ്‌ഫോടനം ഫലപ്രദമായി നേരിട്ടതിന് കേന്ദ്ര സർക്കാർ ഞങ്ങളെ പ്രശംസിക്കുന്നു, മറുവശത്ത് നിങ്ങളുടെ ജനസംഖ്യ കുറവാണെന്ന് പറഞ്ഞ് അവർ ഞങ്ങൾക്ക് ലഭിക്കേണ്ട വിഹിതം വെട്ടിക്കുറയ്ക്കുന്നു. 1976-ലെ ജനസംഖ്യാ നിയന്ത്രണനയം മുഴുവൻ രാജ്യത്തിനും വേണ്ടിയായിരുന്നു, എന്നാൽ കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമേ ഫലപ്രദമായി നടപ്പിലാക്കിയിട്ടുള്ളൂ." അദ്ദേഹം കൂട്ടിച്ചേർത്തു. 

പിണറായി വിജയനെ കൂടാതെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു. മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആർ.എസ്.പി. നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി., കോരള കോൺഗ്രസ് നേതാക്കളായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി എന്നിവരും യോഗത്തിനെത്തി. 

അതേസമയം, ഡി.എം.കെ. നാടകം കളിക്കുന്നു എന്നാരോപിച്ച് ബി.ജെ.പി. കരിങ്കൊടി പ്രതിഷേധം നടത്തുന്നുണ്ട്.