ന്യൂഡൽഹി: പോലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നില്ലെന്നും തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും പ്രസിദ്ധ യൂട്യൂബർ ധ്രുവ് റാഠി. താൻ വിദേശ പാസ്‌പോർട്ട് ഉടമയാണെന്നും അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നുമുള്ള പ്രചരണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം എക്സിൽ പങ്കുവെച്ച വീഡിയോയിൽ തന്റെ പാസ്പോർട്ടും ഉയർത്തികാട്ടി. താൻ ഒരു ഇന്ത്യൻ പൗരനാണെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ അവകാശങ്ങളും തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷന്റെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് തിരിക്കാനിരിക്കെയാണ് ഒക്ടോബർ 10-ന് രാവിലെ ഗുരുഗ്രാമിലെ വസതിയിൽനിന്നും അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ ഏഴുമണിയോടെ താൻ വീട്ടിലെ ബെഡ്‌റൂമിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഈ അതിക്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വീടിന് പുറത്ത് ആളുകളെ കണ്ട് വാതിൽ തുറന്ന അമ്മയെ തള്ളിമാറ്റി, സിവിൽ വസ്ത്രം ധരിച്ച ഇരുപതോളം ആളുകൾ ബലമായി അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. പോലീസ് യൂണിഫോമോ നെയിം പ്ലേറ്റോ ധരിക്കാത്ത ഇവർ വീടിനുള്ളിൽ ബഹളം വെച്ചുകൊണ്ട് തൻ്റെ ബെഡ്‌റൂമിലേക്ക് ഇരച്ചെത്തി. ബെഡ്‌റൂം വാതിൽ തുറന്നപ്പോഴാണ് താൻ ഉറക്കത്തിൽനിന്ന് ഉണർന്നതെന്നും പ്രതികരിക്കുന്നതിന് മുമ്പ് തന്നെ തന്നെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

യൂണിഫോമില്ലാതെ വാറന്റോ രേഖകളോ കാണിക്കാതെ വീട്ടിനുള്ളിൽ കയറി ഉറങ്ങിക്കിടന്ന തന്നെ പിടിച്ചുകൊണ്ടുപോയത് നിയമപരമായ അറസ്റ്റല്ലെന്നും കേവലം ആളെ അയച്ച് നടത്തിയ തട്ടികൊണ്ടുപോകൽ മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു. കാലിൽ ചെരുപ്പ് പോലും ധരിക്കാൻ അനുവദിക്കാതെ, ബെഡ്‌റൂമിൽ നിന്ന് പടികളിലൂടെ വലിച്ചിഴച്ചാണ് തന്നെ കൊണ്ടുപോയതെന്നും ശരീരത്തിലുടനീളം പരിക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൻ്റെയും മാതാപിതാക്കളുടെയും ഫോണുകൾ പോലീസ് ഉടനടി പിടിച്ചെടുത്തു. തുടർന്ന് ഒരു ജീപ്പിൽ കയറ്റി പല പോലീസ് സ്റ്റേഷനുകളിലായി മാറ്റുകയായിരുന്നു.

ഏകദേശം 23 മണിക്കൂറോളം തടങ്കലിൽ വെച്ച സമയമത്രയും അഭിഭാഷകനുമായി സംസാരിക്കാനോ ഫോൺ ഉപയോഗിക്കാനോ അധികൃതർ അനുവദിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യനന്മയ്ക്കു വേണ്ടിയും സുതാര്യമായ ഇലക്ഷൻ കമ്മീഷനു വേണ്ടിയും ശബ്ദമുയർത്തിയ ഒരു പൗരനോട് ഏതെങ്കിലും ജനാധിപത്യ രാജ്യത്ത് ഇത്തരം ക്രൂരത നടക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. റെയ്ഡിനിടെ തൻ്റെ മാതാപിതാക്കൾക്ക് നേരെയും പോലീസ് കൈയേറ്റവും ബലപ്രയോഗവും നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.

നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ രാജ്യം ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയും ഏകാധിപത്യത്തിലൂടെയുമാണ് കടന്നുപോകുന്നതെന്നും, ഇത്തരം സംഭവങ്ങൾ വടക്കൻ കൊറിയയിലാണ് സാധാരണമായി കാണാറുള്ളതെന്നും അദ്ദേഹം വിമർശിച്ചു. അഭിജീത്, സൗരവ് ദാസ്, അശുതോഷ് എന്നിവരെയും ഏഴായിരത്തിലധികം ആളുകളെയും സമാനമായ രീതിയിലാണ് തടങ്കലിലാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നവർ മുൻകാല ഏകാധിപതികളായ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ചരിത്രവും അവരുടെ പതനവും ഓർമ്മിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ താൻ ശാരീരികമായി സുരക്ഷിതനാണെങ്കിലും വീടിന് ചുറ്റും പതിനഞ്ചോളം ആളുകളെ നിരീക്ഷണത്തിനായി വിന്യസിച്ച് തന്നെ അപ്രഖ്യാപിത വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണെന്നും ധ്രുവ് റാഠി പറഞ്ഞു.