ധാക്ക: ഇന്ത്യയിൽ നടക്കുന്ന സി.ജെ.പി. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കുന്നതിലേക്ക് നയിച്ച 'സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ' പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി). തിരഞ്ഞെടുപ്പ് സുതാര്യതയും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ പോരാടുന്ന ഇന്ത്യൻ ജനതയ്ക്കൊപ്പം നിൽക്കുന്നുവെന്ന് എൻ.സി.പി കൺവീനർ നാഹിദ് ഇസ്ലാം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഈ സമരം നിങ്ങളുടെ മാത്രം അല്ല, ഞങ്ങൾ ഈ സമരം അറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെയും സംഘാടകരെയും മാധ്യമപ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തതും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതും മൗലിക സ്വാതന്ത്ര്യങ്ങൾക്ക് നേരെയുള്ള ഭീഷണിയാണെന്ന് നാഹിദ് ഇസ്ലാം പറ‍ഞ്ഞു. ബംഗ്ലാദേശിൽ ക്വാട്ട സമ്പ്രദായത്തിനെതിരെ ആരംഭിച്ച വിദ്യാർത്ഥി പ്രക്ഷോഭം 15 വർഷത്തെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമായി മാറിയ സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നത്തെ പ്രക്ഷോഭത്തെ ഭരണകൂടം അടിച്ചമർത്തിയപ്പോൾ 1,400 ഓളം ആളുകൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കുകൾ വ്യക്തമാക്കുന്നു. ആ ഘട്ടത്തിൽ ഇന്ത്യൻ വിദ്യാർഥികളും സ്വതന്ത്ര ശബ്ദങ്ങളും നൽകിയ പിന്തുണ മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഷഹീൻ ബാഗ്, ജെ.എൻ.യു, ജാദവ്പുർ സർവ്വകലാശാല എന്നിവിടങ്ങളിലെ ജനാധിപത്യ പ്രതിഷേധ പാരമ്പര്യങ്ങളെയും, തെരുവിലിറങ്ങിയ യുവതികളുടെ ധീരതയെയും ബംഗ്ലാദേശ് പ്രസ്ഥാനം ആദരവോടെ കാണുന്നു. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഭാവി, മതം, ജാതി, ലിംഗം, വർഗ്ഗം എന്നിവയ്ക്കതീതമായി സാമൂഹിക നീതിയിലും വർഗ്ഗീയ സൗഹാർദ്ദത്തിലും അധിഷ്ഠിതമായിരിക്കണമെന്ന് നാഹിദ് പറഞ്ഞു. ഹിന്ദുത്വ ഭൂരിപക്ഷവാദവും ഫാസിസവും തെക്കേ ഏഷ്യയുടെ ഭാവിയെ നിർണ്ണയിക്കാൻ പാടില്ലെന്നും ന്യൂനപക്ഷങ്ങൾ ഭയത്തോടെ ജീവിക്കുന്ന അവസ്ഥ പൂർണ്ണ ജനാധിപത്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം മാനിക്കണമെന്നും തടങ്കലിലാക്കപ്പെട്ട പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും എത്രയും വേഗം മോചിപ്പിക്കണമെന്നും അദ്ദേഹം ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങളിലെയും പോരാട്ടങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും സമത്വം, ഉത്തരവാദിത്വം, പരമാധികാരം എന്നിവയാണ് ഇതിന്റെ അടിസ്ഥാനമെന്നും എൻ.സി.പി വ്യക്തമാക്കി. ഷർജീൽ ഇമാം, ഉമർ ഖാലിദ് തുടങ്ങിയ യുവ നേതാക്കളെ വിചാരണ കൂടാതെ വർഷങ്ങളായി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവരെയെല്ലാം സഹപ്രവർത്തകരായി കാണുന്നുവെന്നും അദ്ദേഹം കുറിച്ചു.