ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ വിട്ടുവീഴ്ചയില്ലാത്ത സേവനത്തിന് നന്ദി അറിയിക്കുന്നതായി കേന്ദ്രമന്ത്രി കിരൺ റിജിജു എക്‌സിൽ കുറിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച സന്ദേശത്തിലാണ് കിരൺ റിജിജു ധർമ്മേന്ദ്ര പ്രധാന് പൂർണ്ണ പിന്തുണയർപ്പിച്ചത്.

To advertise here,

യഥാർത്ഥ നേതൃത്വം അളക്കപ്പെടുന്നത് പതിറ്റാണ്ടുകൾ കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെയാണെന്നും ധർമ്മേന്ദ്ര പ്രധാന്റെ പൊതുജീവിതവും വിദ്യാർത്ഥി ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളും ഇതിന് തെളിവാണെന്നും അദ്ദേഹം കുറിച്ചു.

കേന്ദ്ര മന്ത്രിസഭയിൽ ഒന്നിച്ച് പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവെച്ച കിരൺ റിജിജു, ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിലും ദശലക്ഷക്കണക്കിന് യുവ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ മുൻനിർത്തി തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും ധർമ്മേന്ദ്ര പ്രധാന്റെ ആത്മാർത്ഥത താൻ നേരിട്ടുകണ്ടതാണെന്ന് വ്യക്തമാക്കി. വിദ്യാഭ്യാസ മേഖല പോലെ അതീവ പ്രാധാന്യമുള്ള ഒരു വകുപ്പിനെ നയിക്കാൻ വലിയ നിശ്ചയദാർഢ്യം ആവശ്യമാണ്. ധൈര്യത്തോടും വ്യക്തമായ ദീർഘവീക്ഷണത്തോടും കൂടിയാണ് അദ്ദേഹം അത് നിർവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന് നൽകിയ സേവനങ്ങൾക്കും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കും നന്ദി അറിയിച്ച റിജിജു, ഇതേ ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും രാജ്യത്തെ സേവിക്കുന്നത് തുടരാൻ അദ്ദേഹത്തിന് ആശംസകൾ നേരുകയും ചെയ്തു.