ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിന്റെ തുടക്കത്തിൽത്തന്നെ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്ന് മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയ വർഗീയ. ഇൻഡോറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയയത്.

To advertise here,

പ്രതിഷേധത്തിന്റെ ആദ്യദിനംതന്നെ ധമേന്ദ്ര പ്രധാൻ വിദ്യാഭ്യാസമന്ത്രിസ്ഥാനം രാജിവെക്കാൻ സന്നദ്ധനാണെന്ന് ബിജെപി ദേശീയാധ്യക്ഷനെ അറിയിച്ചിരുന്നു. എന്നാൽ, പ്രക്ഷോഭത്തിന്റെ തുടക്കത്തിൽ പെട്ടെന്ന് രാജിവെക്കേണ്ടതില്ലെന്നും വിഷയം ചർച്ചചെയ്യട്ടെയെന്നും പാർട്ടി നേതൃത്വം അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് സാഹചര്യം മാറിമറിഞ്ഞു. രാജി അനിവാര്യമെന്ന് പാർട്ടി തീരുമാനിച്ചപ്പോൾ പ്രധാൻ ഉടനടി രാജിവെക്കുകയായിരുന്നു, കൈലാഷ് വിജയ വർഗീയ പറഞ്ഞു.

ബംഗ്ലാദേശിലും ശ്രീലങ്കയിലും ഉണ്ടായതുപോലെ ഇന്ത്യയിലും പ്രക്ഷോഭം സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനായിരുന്നു ശ്രമം. വിദേശ ശക്തികളുടെ ഈ നീക്കത്തെ ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ തകർക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമരം നടത്തിയത് വിദ്യാർഥികളാണ്. എന്നാൽ, പിന്നിൽനിന്ന് ലാഭം കൊയ്യാനാണ് കോൺഗ്രസിന്റെ ശ്രമം. ഇപ്പോൾ പ്രധാന്റെ രാജി ആഘോഷമാക്കുകയാണ് കോൺഗ്രസെന്നും കൈലാഷ് വിജയ വർഗീയ കുറ്റപ്പെടുത്തി.