
ന്യൂഡൽഹി: വിദ്യാർഥി-യുവജന പ്രതിഷേധം തണുപ്പിക്കാൻ ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മാറ്റാനുള്ള നിർദേശം കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചെങ്കിലും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) അത് നിരസിച്ചതായി റിപ്പോർട്ട്. സമരം നിർത്താൻ ആദ്യം നൽകിയ വാഗ്ദാനം ധർമ്മേന്ദ്ര പ്രധാനെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മാറ്റാം എന്ന നിർദേശമായിരുന്നു. എന്നാൽ വകുപ്പ് മാറ്റിക്കൊണ്ടുള്ള സമയവായ നിർദേശം സിജെപി നിരസിക്കുകയും മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയുമായിരുന്നുവെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു. പ്രധാന്റെ വകുപ്പ് മാറ്റാം എന്ന നിർദ്ദേശം കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് സിജെപി നേതൃത്വത്തിന് മുമ്പാകെ വച്ചത്.
പ്രതിസന്ധി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മറ്റൊരു വകുപ്പിന്റെ ചുമതലയിലേക്ക് പ്രധാനെ മാറ്റാം എന്ന് നഡ്ഡയും ജിതേന്ദ്ര സിങ്ങും വാഗ്ദാനംചെയ്തു. പക്ഷേ, സി.ജെ.പിയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത സൗരഭ് ദാസും അശുതോഷ് റാങ്കയും ഈ നിർദേശം തള്ളിക്കളഞ്ഞു. ധർമേന്ദ്ര പ്രധാൻ മന്ത്രിസഭയിൽനിന്ന് പുറത്തുപോകണമെന്ന കാര്യത്തിൽ സി.ജെ.പി ഉറച്ചുനിന്നു. അദ്ദേഹത്തിന്റെ രാജിയല്ലാതെ മറ്റൊരു ഒത്തുതീർപ്പും സമരക്കാരെ തൃപ്തിപ്പെടുത്തില്ലെന്നും അവർ വ്യക്തമാക്കി.
മന്ത്രിയെ ഒഴിവാക്കുകയോ വകുപ്പ് മാറ്റുകയോ ചെയ്യുന്നത് പ്രധാനമന്ത്രിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രിമാർ സി.ജെ.പിയെ അറിയിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, പ്രധാന്റെ രാജി അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്ന നിലപാടിൽ സി.ജെ.പി ഉറച്ചുനിന്നു. രാജി ഒഴികെയുള്ള മറ്റെന്തിനെങ്കിലും സമ്മതിച്ചാൽ അത് സമരക്കാരുടെ ഇടയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് സി.ജെ.പി കരുതിയിരുന്നതായാണ് റിപ്പോർട്ടുകൾ.
സി.ജെ.പി പ്രതിനിധികളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള മൂന്നാംവട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ്, ശനിയാഴ്ച ഉച്ചയോടെയാണ് ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ചത്. ഇതിനുപിന്നാലെ സി.ജെ.പി സമരം പിൻവലിച്ചു.
Published: 28 Jul 2026, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented