ന്യൂഡൽഹി: ഒരുകാലത്ത് എ.ബി.വി.പി.യിൽ പ്രവർത്തിച്ച് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരേ തെരുവുകളിൽ പ്രതിഷേധിച്ച് പോലീസ് മർദനം ഏറ്റുവാങ്ങിയ വ്യക്തിയായിരുന്നു നിലവിലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ന് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പ്രതിസ്ഥാനത്തു നിൽക്കുന്നതും ധർമേന്ദ്ര പ്രധാൻ തന്നെ. ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പോലീസിന്റെ ക്രൂരമർദനം ഏറ്റുവാങ്ങുമ്പോൾ, സമാനമായ രാഷ്ട്രീയാനുഭവമുള്ള പ്രധാന്റെ ഭൂതകാലവും ചർച്ചയിൽ വരികയാണ്.

To advertise here,

1983-ൽ എ.ബി.വി.പി.യിലൂടെ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ധർമേന്ദ്ര പ്രധാൻ, 1994 മുതൽ 1997 വരെ സംഘടനയുടെ ദേശീയ സെക്രട്ടറിയായിരുന്നു. ഉത്കൽ സർവകലാശാലയിൽ എം.എ. വിദ്യാർഥിയായിരിക്കേ, 1997-ൽ ഒഡീഷയിൽ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സർക്കാരിനെതിരേ സെക്രട്ടേറിയറ്റിന് മുന്നിൽ ആയിരത്തഞ്ഞൂറോളം വിദ്യാർഥികളെ അണിനിരത്തി അദ്ദേഹം പ്രതിഷേധം നയിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധത്തിൽ പോലീസിൽനിന്ന് ക്രൂരമായ മർദനമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. മർദനത്തിൽ പ്രധാന്റെ എല്ലു പൊട്ടുകയും ചികിത്സയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു.

വർഷങ്ങൾക്കുശേഷം ഇന്ന്, കേന്ദ്രമന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കേയാണ് നീറ്റ് അടക്കമുള്ള പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നത്. ഇതേത്തുടർന്ന് ഒട്ടേറെ വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ പരീക്ഷാ ക്രമക്കേടുകൾ, ധർമേന്ദ്രപ്രധാന്റെ രാജി എന്നീ ആവശ്യങ്ങളുന്നയിച്ച് സി.ജെ.പി. ഡൽഹിയിൽ പ്രക്ഷോഭം ആരംഭിച്ചു. ആ സമരമാണ് ഇപ്പോൾ തലസ്ഥാനത്ത് കത്തിപ്പടരുന്നത്.

പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ളവരുടെ നിരാഹാരസമരം വിഷയത്തെ പുതിയ തലത്തിലേക്ക് ഉയർത്തി. കേന്ദ്രം ആദ്യം നിസ്സാരവത്കരിച്ചെങ്കിലും സമരം ക്രമേണ ശക്തിപ്പെട്ടു. വാങ്ചുകിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലെത്തിച്ചതും പ്രതിഷേധക്കാരെ ലാത്തിച്ചാർജും കണ്ണീർവാതകവും ഉപയോഗിച്ച് നേരിട്ടതും കേന്ദ്രത്തിനുതന്നെ തിരിച്ചടിയായി. പിന്നാലെ കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ അപ്രതീക്ഷിതമായി സമരം നടത്തുകകൂടി ചെയ്തതോടെ ഡൽഹി അക്ഷരാർഥത്തിൽ സ്തംഭിച്ചു. 

പ്രതിഷേധത്തിന്റെ തീവ്രത കണക്കിലെടുത്ത്, പാർലമെന്റിൽ ഈ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സമരത്തിന് പരിഹാരം കാണാൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാന്റെ രാജിയെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇപ്പോഴും സമരക്കാർ.