കൊല്ലം: തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ, വ്യാജവാർത്തകൾ, ഷോർട്ട് റീലുകൾ... ഔദ്യോഗികവും ആധികാരികവുമാണെന്ന മട്ടിൽ, റെയിൽവേയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വ്ലോഗർമാരെക്കൊണ്ട് പൊറുതിമുട്ടുകയാണ് ദക്ഷിണ റെയിൽവേ. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള വ്യാജപ്രചാരണങ്ങൾ യാത്രക്കാരെ നിയമലംഘനങ്ങൾക്ക് പ്രോത്സാഹിപ്പിക്കുകയാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. സഹികെട്ട് ചെന്നൈ ഡിവിഷൻ നിയമനടപടികളിലേക്ക് കടക്കുകയാണ്.
റിസർവേഷൻ ഇല്ലാതെ, സാധാരണ ടിക്കറ്റെടുത്ത് എസി കമ്പാർട്ട്മെന്റിൽ കയറാൻ നിയമമുണ്ട്, ടിക്കറ്റ് ഇല്ലാത്തവരിൽനിന്ന് യാത്രക്കൂലിക്കു പുറമേ 250 രൂപ ഫൈൻ ഈടാക്കാൻ മാത്രമേ നിയമമുള്ളൂ, പ്ലാറ്റ്ഫോം ടിക്കറ്റ് നിർബന്ധമല്ല തുടങ്ങി ഒട്ടേറെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഇതുകണ്ടു തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥരോട് തർക്കിക്കുന്ന സംഭവങ്ങൾ പതിവായതോടെയാണ് റെയിൽവേ നിയമ, ബോധവത്കരണ പരിപാടികൾ തുടങ്ങുന്നത്. റെയിൽവേയെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരിൽ ലക്ഷക്കണക്കിന് ഫോളോവർമാരുള്ള വ്ലോഗർമാർവരെയുണ്ട്. ഇവരുടെ പട്ടിക തയ്യാറാക്കി നിയമനടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
അനുമതി വാങ്ങാതെ റെയിൽവേ പരിസരത്ത് വ്ലോഗുകൾ തയ്യാറാക്കുക, വീഡിയോ റെക്കോഡ് ചെയ്യുക, ഫോട്ടോയെടുക്കുക എന്നിവ റെയിൽവേ നിയമപ്രകാരം ശിക്ഷാർഹമാണ്. ഈ നിയമമുപയോഗിച്ച് നടപടികൾ ആരംഭിച്ചാൽ റീൽസ് തയ്യാറാക്കാനായി ട്രാക്കുകളിൽ അതിക്രമിച്ചു കടക്കുന്നതും ഒരുപരിധിവരെ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്. സ്റ്റേഷനുകൾ, യാർഡുകൾ, ഡിപ്പോകൾ, ഷോപ്പുകൾ എന്നിവിടങ്ങളിലുള്ള വീഡിയോഗ്രഫി, ഫോട്ടോഗ്രഫി എന്നിവയ്ക്ക് അനുമതി വേണമെന്ന നിയമം കർശനമാക്കും. വ്യാജവാർത്തകൾ തടയാനായി റെയിൽവേയുടെ എക്സ് പ്ലാറ്റ്ഫോമിൽ ഫാക്ട് ചെക്ക് ഹാൻഡിൽ ആരംഭിച്ചിട്ടുണ്ട്. റെയിൽവേയെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഈ ഹാൻഡിലിൽ ടാഗ് ചെയ്യാനാകും.
Content Highlights: Southern Railway is taking action against vloggers spreading misinformation about train operations
Published: 09 Dec 2025, 07:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented