ന്യൂഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട മൂന്ന്  സുപ്രധാനമായ രജിസ്റ്ററുകൾ സുപ്രീം കോടതിക്ക് കൈമാറിയില്ലെന്ന് കോൺഗ്രസ് സ്ഥാനാർഥിയായ ഡി കുമാർ. മാമോദിസ രജിസ്റ്റർ, സംസ്കാര രജിസ്റ്റർ, കുടുംബ  രജിസ്റ്റർ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനൽ കൈമാറാൻ ഹൈകോടതിയോട് നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു.

To advertise here,

ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ അധ്യക്ഷതയിലുള്ള സുപ്രീം കോടതിയുടെ മൂന്നം​ഗ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് ദേവികുളം തിരഞ്ഞെടുപ്പ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹൈക്കോടതിയിൽ നിന്ന് ലഭിച്ചതായി സുപ്രീം കോടതി രജിസ്ട്രി പുറത്തിറക്കിയ ഓഫീസ് ഓർഡറിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിൽ മൂന്ന്  സുപ്രധാനമായ രേഖകളില്ലെന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയും ഹർജിക്കാരനുമായ ഡി കുമാറിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നരേന്ദ്രർ  ഹൂഡയും, അഭിഭാഷകൻ അൽജോ കെ ജോസഫും ചൂണ്ടിക്കാട്ടി. 

തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അപേക്ഷ ഫയൽ ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കേസ് അടുത്ത ബുധനാഴ്ച്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ഇതിനിടെ താൻ ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് തെളിയിക്കാൻ ഉളള രേഖകൾ ഒന്നും ഹർജിക്കാർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി എ രാജ സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തു. 

താൻ ഇപ്പോഴും ഹിന്ദു പറയ വിഭാഗത്തിൽ പെട്ട വ്യക്തിയാണ്. ഹിന്ദു പറയ വിഭാഗത്തിലല്ലെന്ന് തെളിയിക്കുന്ന ഒരു രേഖകളും ഹാജരാക്കാൻ എതിർ കക്ഷികൾക്ക് കഴിഞ്ഞിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തിൽ രാജ പറഞ്ഞു. രാജയക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ ജി പ്രകാശ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.