ന്യൂഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ രജിസ്റ്ററുകൾ കൈമാറിയില്ലെന്ന ആരോപണത്തെ സംബന്ധിച്ച് സുപ്രീം കോടതി രജിസ്ട്രി പരിശോധിക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

തിരഞ്ഞെടുപ്പ് കേസിൽ നിർണായകമായ സി.എസ്.ഐ പള്ളിയിലെ മാമോദിസ രജിസ്റ്റർ, സംസ്കാര രജിസ്റ്റർ, കുടുംബ രജിസ്റ്റർ എന്നിവ സുപ്രീംകോടതിക്ക് കൈമാറിയില്ലെന്നാണ് ഹർജിക്കാരനായ യു.ഡി.എഫ് സ്ഥാനാർത്ഥി ഡി. കുമാറിന്റെ ആരോപണം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനൽ കൈമാറാൻ ഹൈക്കോടതിയോട് നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഈ മൂന്ന് രേഖകളും കൈമാറാത്തതിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡി. കുമാറിന്റെ അഭിഭാഷകൻ അൽജോ കെ. ജോസഫ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, സുപ്രീം കോടതി രജിസ്ട്രി പുറത്തിറക്കിയ ഓഫീസ് ഓർഡറിൽ എല്ലാ രേഖകളും ഹൈക്കോടതി കൈമാറിയിരുന്നു എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് എതിർ കക്ഷിയായ എ. രാജയുടെ അഭിഭാഷകൻ ജി. പ്രകാശും വാദിച്ചു. തുടർന്നാണ് ഇക്കാര്യം സുപ്രീം കോടതി രജിസ്ട്രി പരിശോധിക്കുമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയത്. കേസിൽ അന്തിമ വാദം കേൾക്കൽ ആരംഭിക്കുമ്പോൾ സുപ്രീം കോടതി രജിസ്ട്രി ഇക്കാര്യത്തിൽ കോടതിയിലറിയിക്കുന്ന നിലപാടാകും കേസിൽ നിർണായമാകുക.