ന്യൂഡൽഹി: കരസേന മുൻമേധാവി എം.എം. നരവണെയുടെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യെ കുറിച്ചുള്ള രാഷ്ട്രീയവിവാദങ്ങൾ പുകയുന്നതിനിടെ പുസ്തകം പ്രചരിച്ചതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലടക്കം അന്വേഷണം നടത്താനൊരുങ്ങി ഡൽഹി പോലീസിന്റെ സ്‌പെഷൽ സെൽ.  പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് പുസ്തകം ആഗോള ഡിജിറ്റൽ വിപണികളിൽ എത്തിയതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

To advertise here,

സംഭവവുമായി ബന്ധപ്പെട്ട് പ്രസാധകരായ ‘പെൻഗ്വിന്റെ’ ജീവനക്കാരെ രണ്ടുമണിക്കൂറോളം അന്വേഷണസംഘം ചോദ്യംചെയ്തു. പുസ്തകം പ്രചരിക്കാൻ ഇടയായ സാഹചര്യങ്ങളാണ് ജീവനക്കാരോട് ചോദിച്ചതെന്നാണ് വിവരം.

പുസ്തകം ചോർന്നതുമായി ബന്ധപ്പെട്ട് ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി ചൊവ്വാഴ്ചയാണ് ഡൽഹി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പുസ്തകം ചോർന്നത് കേവലം പകർപ്പവകാശ ലംഘനമല്ല, പ്രതിരോധരംഗവുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾക്ക് അനിവാര്യമായ മുൻകൂർ അനുമതിയെ മറികടന്നുകൊണ്ടുള്ള ആസൂത്രിതവും സംഘടിതവുമായ നടപടി ആയിരുന്നെന്ന് കണ്ടെത്തിയതായാണ് പോലീസ് പറയുന്നത്.

ഇന്ത്യയിൽ മാത്രമല്ല കാനഡ, ഓസ്‌ട്രേലിയ, ജർമനി, യുഎസ് എന്നിവിടങ്ങളിലും പുസ്തകം പ്രചരിക്കപ്പെട്ടു. ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുൻപേതന്നെ ഈ രാജ്യങ്ങളിൽ പുസ്തകം ഓൺലൈനിൽ വിൽപന ആരംഭിച്ചിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. യുഎസ്, കാനഡ, ജർമനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും അന്വേഷണത്തിന്റെ പരിധി വ്യാപിപ്പിച്ചിട്ടുണ്ട്. 

അതേസമയം, പുസ്തകത്തെച്ചൊല്ലിയുള്ള വിവാദം കനക്കുന്നതിനിടെ വിശദീകരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ രംഗത്തെത്തിയിരുന്നു. പുസ്തകം ഒരു രൂപത്തിലും (അച്ചടിച്ചതോ ഡിജിറ്റൽ പകർപ്പോ) പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ ഡൽഹി പോലീസ് സ്പെഷൽ സെൽ, പെൻഗ്വിൻ ഇന്ത്യക്ക് വിഷയത്തിൽ നോട്ടീസും അയച്ചിട്ടുണ്ട്.