
ന്യൂഡൽഹി: കഴിഞ്ഞദിവസങ്ങളിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽനടന്ന ഇന്ത്യസഖ്യ സമരം സർക്കാരിനെയും സുരക്ഷാ ഏജൻസികളെയും മുൾമുനയിൽനിർത്തിയിരുന്നു. ബി.ജെ.പി.യും സംഘപരിവാർ സംവിധാനവും പ്രക്ഷോഭത്തിന് എതിരായ നിലപാടുമായി സർക്കാരിന് ഒപ്പംനിന്നു. ശനിയാഴ്ച തുടങ്ങുന്ന വിദ്യാർഥിപ്രക്ഷോഭത്തിൽ സ്ഥിതി ഇതായിരിക്കില്ല.
കാര്യങ്ങൾ കൈവിട്ടുപോയാൽ വിമർശനത്തിന്റെയും ആരോപണങ്ങളുടെയും മുനനീളുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുനേരേയായിരിക്കും. ഉത്തർപ്രദേശിൽ ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ ഡൽഹി തെരുവിൽ രക്തച്ചൊരിച്ചിലുണ്ടായാൽ പ്രത്യാഘാതം വലുതായിരിക്കും.
തലസ്ഥാനത്ത് ഒട്ടേറെ പ്രക്ഷോഭങ്ങൾ അരങ്ങേറിയിട്ടുണ്ട്. 1990-കളുടെ ആദ്യപകുതിയിൽ നരസിംഹറാവു സർക്കാരിന്റെ കാലത്ത് പ്രതിപക്ഷമായിരുന്ന ബി.ജെ.പി. നടത്തിയ സമരത്തെ അന്ന് ആഭ്യന്തരസഹമന്ത്രിയായിരുന്ന രാജേഷ് പൈലറ്റിന്റെ നേരിട്ടുള്ള ആസൂത്രണത്തിൽ കേന്ദ്രം നേരിട്ടത് പലരും ഓർക്കുന്നു. മഹേന്ദ്ര സിങ് ടിക്കായത്തിന്റെ നേതൃത്വത്തിൽ ബോട്ട് ക്ലബ്ബിൽ അരങ്ങേറിയ കർഷകസമരങ്ങളെയും അതതുകാലത്തെ കേന്ദ്രസർക്കാരുകൾക്ക് നേരിടേണ്ടിവന്നു. അന്നത്തെ തയ്യാറെടുപ്പുകളെക്കാൾ വലിയ സുരക്ഷാസംവിധാനങ്ങളാണ് സി.ജെ.പി. മാർച്ചിന് മുന്നോടിയായി കേന്ദ്രം ഡൽഹിയിൽ ഒരുക്കുന്നത്. എന്നിട്ടും സ്ഥിതി നിയന്ത്രണവിധേയമായില്ലെങ്കിൽ ഭരണകക്ഷിയാകും ജനങ്ങളോട് മറുപടിപറയേണ്ടിവരുക.
കരുതലിൽ ഡൽഹി
: കനത്ത കോട്ടയ്ക്കുള്ളിലായി രാജ്യതലസ്ഥാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ശനിയാഴ്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രതിഷേധമാർച്ച് പ്രഖ്യാപിച്ചിരിക്കെ, രാജ്യതലസ്ഥാനമാകെ കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ.
സമരലക്ഷ്യമായ ജന്തർമന്തറിന് പല വലയങ്ങളിലാണ് കാവൽ. നാലുകിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ശനിയാഴ്ചരാത്രിവരെ സസ്പെൻഡ് ചെയ്തു. പ്രതിഷേധത്തിന് അനുമതിയില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്. ഡൽഹി മെട്രോയുടെ 57 സ്റ്റേഷനുകൾ അടയ്ക്കാനും ന്യൂഡൽഹി, നിസാമുദീൻ റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീവണ്ടികൾ റദ്ദാക്കാനും ഉത്തരവിറങ്ങി. എന്നാൽ, ഏതുകടമ്പകളുണ്ടായാലും പിന്നോട്ടില്ലെന്ന് സി.ജെ.പി.യും യുവജനസംഘടനകളും വ്യക്തമാക്കി. ഇടത് വിദ്യാർഥിസംഘടനകളായ എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്., ഐസ എന്നിവരും പങ്കെടുക്കും.
നിയന്ത്രണങ്ങൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് പ്രതിപക്ഷം വിമർശിച്ചു. യുവാക്കളെ പേടിയാണെങ്കിൽ രാജ്യമാകെ അടച്ചിടാൻ സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു.
Content Highlights: Student protests in Delhi pose a significant challenge to the central government and security agencies., Potential clashes could increase political pressure on the Union Home Ministry ahead of upcoming state assembly elections., Unprecedented security measures are being implemented in the capital to maintain law and order.
Published: 10 Oct 2026, 07:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented