ഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പരസ്പരധാരണയോടെ ഒന്നിച്ചു നില്‍ക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ ഡോ. അമര്‍ത്യാസെന്‍.പശ്ചിമ ബംഗാള്‍ ശാന്തിനികേതനിലെ തന്റെ പൈതൃക വസതിയില്‍ വെച്ച് പി.ടി.ഐയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആം ആദ്മിയും സമവായത്തിലെത്തേണ്ടിയിരുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. 

To advertise here,

മതേതരത്വം നിലനിര്‍ത്തി ബഹുസ്വരതയുടെ ഉത്തമോദാഹരണമായി ഇന്ത്യയെ മാറ്റണമെങ്കില്‍ ഐക്യപ്പെടല്‍ മാത്രം പോര, മറിച്ച് പരസ്പരധാരണകൂടി ഉണ്ടാവേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. 'ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം അതിശയോക്തിയോടുകൂടി കാണണം എന്നുഞാന്‍ കരുതുന്നില്ല, പക്ഷേ തീര്‍ച്ചയായും അതിന്റേതായ പ്രാധാന്യവുമുണ്ട്. ആം ആദ്മി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ ആ വിജയം പക്ഷേ അവര്‍ക്കുമാത്രം അവകാശപ്പെട്ടതായി മാറുമായിരുന്നു. ഹിന്ദുത്വാധിഷ്ഠിതമായ ഒരു ഭരണകൂടത്തെ ആവശ്യമില്ലാത്തവര്‍ തമ്മില്‍ ഐക്യപ്പെടാതെ പോയതിന്റെ ഫലമാണ് ഡല്‍ഹിയില്‍ സംഭവിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുതന്നെയാണ് ആംആദ്മിയുടെ തിരഞ്ഞെടുപ്പ് പതനത്തിനു കാരണമായതെന്നും അദ്ദേഹം നിരീക്ഷിച്ചു.

'ആം ആദ്മിയുടെ പ്രതിബദ്ധതകള്‍ എന്തൊക്കെയായിരുന്നു? ഉറച്ച മതനിരപേക്ഷതയോടെ എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കുന്നതില്‍ ആംആദ്മി വിജയിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. മതവര്‍ഗീയതയ്ക്കെതിരെ എത്രമാത്രം പ്രതിജ്ഞാബദ്ധമായിരുന്നു ആം ആദ്മിയെന്ന് വ്യക്തമല്ല. എഎപി ഇക്കാര്യത്തില്‍ വ്യക്തമായ സദൃഢവുമായ ഒരു പക്ഷമെടുത്തിട്ടില്ല,''- അമര്‍ത്യാസെന്‍ ചൂണ്ടിക്കാട്ടി. 

അതേസമയം വിദ്യാഭ്യാസം മേഖലയിലും ആരോഗ്യരംഗത്തും  ആം ആദ്മി പാര്‍ട്ടി നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ പരിശ്രമങ്ങളില്‍ ആംആദ്മിയോടൊപ്പം കോണ്‍ഗ്രസ് യോജിച്ചുപ്രവര്‍ത്തിക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. . 

മതേതരത്വവും ആരോഗ്യരംഗവും വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിനു പകരം മറ്റു കാര്യങ്ങളിലായിരുന്നു ആം ആദ്മി വ്യാപൃതരായിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഇന്ത്യാസഖ്യവുമായി ആം ആദ്മി തോല്‍വി ഏറ്റുവാങ്ങേണ്ടിയിരുന്നില്ല എന്നതാണ് വസ്തുത. പക്ഷേ അവരത് തന്നെ ചെയ്തു.' - സെന്‍ പറഞ്ഞു. 

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് എങ്ങനെയാണ് പ്രതിഫലിക്കുന്നതെന്ന ചോദ്യത്തിന് വലിയ ആഘാതം കാണാന്‍ പോകുന്നത് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിലായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.