ന്യൂഡല്‍ഹി: ബൈഭവ് കുമാറില്‍നിന്ന് അതിക്രമം നേരിട്ടുവെന്ന എ.എ.പി. രാജ്യസഭാ എം.പി. സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ ഡല്‍ഹി പോലീസ് വ്യാഴാഴ്ച ചോദ്യംചെയ്‌തേക്കില്ല. കെജ്‌രിവാളിന്റെ വസതിയിലെത്തി മാതാപിതാക്കളെ ഇന്ന് ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. മാത്രമല്ല, കെജ്‌രിവാള്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ ഇതേക്കുറിച്ച് കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. 

To advertise here,

കെജ്‌രിവാളിന്റെ മാതാപിതാക്കളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.എ.പിയുടെ മുതിര്‍ന്ന നേതാക്കളായ സഞ്ജയ് സിങ്ങും അതിഷിയും ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യംചെയ്യല്‍ നീക്കത്തില്‍നിന്ന് ഡല്‍ഹി പോലീസിന്റെ പിന്മാറ്റം. അതേസമയം, വരുംദിവസങ്ങളില്‍ ഡല്‍ഹി പോലീസ് കെജ്‌രിവാളിന്റെ കുടുംബാംഗങ്ങളെ ചോദ്യംചെയ്യും. കെജ്‌രിവാളിനെയും ചോദ്യംചെയ്‌തേക്കുമെന്നാണ് വിവരം. സഞ്ജ് സിങ് അടക്കമുള്ള നിരവധി എ.എ.പി നേതാക്കൾ ഡല്‍ഹി പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എക്‌സില്‍ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് ബൈഭവ് കുമാര്‍ തന്നെ മര്‍ദിക്കുമ്പോള്‍ കെജ്‌രിവാളിന്റെ ഭാര്യ സുനിതയും മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നുവെന്ന് സ്വാതി മലിവാള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിലേക്ക് കടക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചത്.  

കെജ്‌രിവാളിന്റെ അമ്മയ്ക്ക് 76 വയസ്സുണ്ട്. രോഗബാധിതയും ആശുപത്രി വാസം കഴിഞ്ഞെത്തിയതുമാണ്. അച്ഛന് 85 വയസ്സുണ്ട്. അദ്ദേഹത്തിന് മറ്റൊരാളുടെ സഹായമില്ലാതെ നടക്കാന്‍ പോലുമാവില്ല. കാഴ്ച, കേള്‍വി പരിമിതികളുമുണ്ട്. ഇവരെയാണോ ഡല്‍ഹി പോലീസിന് ചോദ്യം ചെയ്യേണ്ടതെന്ന് എ.എ.പി നേതാവ് അതിഷി ചോദിച്ചു.

മേയ് 13-ന് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നാണ് സ്വാതിയുടെ പരാതി. കെജ്‌രിവാളിന്റെ വസതിയിലെ സ്വീകരണമുറിയില്‍ ഇരുന്നപ്പോള്‍ ബൈഭവ് അവിടേക്കെത്തി ആക്രമിക്കുകയായിരുന്നു എന്നാണ് സ്വാതിയുടെ ആരോപണം. സ്വാതിയുടെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ബൈഭവിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളത്. സ്വാതിയുടെ വയറ്റില്‍ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.