ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രിയുടെ സഹായി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയിൽ നാടകീയ രംഗങ്ങൾ. ഡൽഹി തീസ് ഹസാരി കോടതിയിൽ സ്വാതി മാലിവാൾ പൊട്ടിക്കരഞ്ഞു. അതിക്രമ കേസുമായി ബന്ധപ്പെട്ട സ്വാതി മാലിവാളിന്റെ പരാതിയിൽ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദത്തിനിടെയാണ് സ്വാതിയുടെ പൊട്ടിക്കരച്ചിൽ. 

To advertise here,

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി തന്നെ വിളിച്ചുവെന്ന് സ്വാതി മാലിവാൾ പറഞ്ഞിട്ടില്ല. അവര് ചെയ്തത് കടന്നുകയറ്റമാണ്. ഇത്തരത്തിൽ എല്ലാവർക്കും ആരുടേയെങ്കിലും വീടുകളിലേക്ക് കയറിച്ചെല്ലാൻ സാധിക്കുമോ? ഇത് മുഖ്യമന്ത്രിയുടെ വീടാണ്. ഒരു എം.പിക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുക്കാൻ സാധിക്കുമോ? അവര് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വന്നത് ചില കാര്യങ്ങൾ നേരത്തെ തന്നെ ചിന്തിച്ചുറപ്പിച്ചിട്ടായിരുന്നു- പ്രതിഭാഗം വക്കീൽ കോടതിയിൽ വാദിച്ചു. മേയ് 13-നാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. എന്നാൽ പുറത്തുപറയുന്നത് മേയ് 16-നും. അവരുടെ ശരീരത്തിൽ ഉണ്ടായ മുറിവ് എത്തരത്തിലുള്ളതാണെന്ന് അറിയില്ല. അതിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടോ അതോ അടുത്ത് തന്നെ ഉണ്ടായതാണോ എന്ന സംശയവും പ്രതിഭാഗം വക്കീൽ മുന്നോട്ട് വെച്ചു.

മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ ആയ സ്വാതി മാലിവാൾ തന്റെ അവകാശം ലംഘിക്കപ്പെട്ടുവെങ്കിൽ എന്തുകൊണ്ടാണ് ആ സമയത്ത് തന്നെ പരാതി നൽകിയില്ലെന്നും സുരക്ഷാ നമ്പറുകളായ 100 അല്ലെങ്കിൽ 112 -ൽ എന്തുകൊണ്ടാണ് വിളിച്ച് പരാതിപ്പെട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിലവിൽ ബിഭവ് കുമാറിനെ പേഴ്സണൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ വസതിയിൽ യാതൊരു അധികാരവുമില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ബിഭവ് ഹീറോയായി ചിത്രീകരിക്കുകയും തന്നെ ബി.ജെ.പി. ഏജന്റ് എന്ന് വിളിക്കുകയും ചെയ്തുവെന്ന് സ്വാതി മാലിവാൾ കോടതിയിൽ പറഞ്ഞു. പ്രധാനപ്പെട്ട യൂട്യൂബർ എ.എ.പി. വൊളന്റിയറെപ്പോലെ ഒരു ഭാഗം മാത്രം അടങ്ങിയ വീഡിയോ തനിക്കെതിരേ നിർമ്മിച്ചുവെന്നും ഇതിനു പിന്നാലെ നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും സ്വാതി മാലിവാൾ കോടതിയിൽ വ്യക്തമാക്കി.