ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയ സിജെപി നേതാക്കളെ വിമാനത്തിനുള്ളിൽവെച്ചുതന്നെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസിന്റെ നാടകീയനീക്കം. മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് വന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ, നാഷണൽ കോ-കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയവരെയാണ് വിമാനത്തിനുള്ളിൽ കയറി ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്.

To advertise here,

അതിനിടെ, അഭിജീത്തിനെയും സൗരവിനെയും അശുതോഷിനെയും കസ്റ്റഡിയിൽ എടുത്തതിനെതിരേ അതിരൂക്ഷ വിമർശനം സിജെപിയുടെ എക്‌സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തു. സൗരവ് ദാസിനെ കസ്റ്റഡിയിലെടുത്തു. അശുതോഷ് റാങ്കയെ കസ്റ്റഡിയിലെടുത്തു. രാജ്യദ്രോഹിയായ തന്റെ സുഹൃത്തിനെ രക്ഷിക്കാൻ ഏകാധിപതി സ്വന്തം പൗരന്മാർക്കുനേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് കുറിപ്പ്.

അതേസമയം, അറസ്റ്റ് ചെയ്യപ്പെടാൻ സന്നദ്ധനായാണ് താൻ എത്തിയിട്ടുള്ളതെന്നും ആരെയും ഭയപ്പെടുന്നില്ലെന്നും അഭിജീത് ദിപ്‌കെ കസ്റ്റഡിയിലെടുക്കാനെത്തിയ ഡൽഹി പോലീസ് സംഘത്തോടു പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിജെപി നേതാക്കൾ സഞ്ചരിച്ചിരുന്ന വിമാനം ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയായിരുന്നു പോലീസ് നീക്കം.

പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെയും സിജെപി അനുഭാവികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരളാ ഹൗസിൽനിന്ന് മാർച്ച് തുടങ്ങുന്നതിന് മുൻപാണ് എം.എ. ബേബി, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ തുടങ്ങിയ സിപിഎം നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർക്കു മാത്രം മാർച്ചിൽ പങ്കെടുക്കാൻ അനുമതി നൽകിയെങ്കിലും പിന്നീട് ഇവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സിജെപി നേതാവ് രത്‌ന സിങ്, പ്രമുഖ യുട്യൂബർ ധ്രുവ് റാഠി എന്നിവരെയും പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.

എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി ജന്തർ മന്തറിൽ പ്രതിഷേധം ആസൂത്രണം ചെയ്തത്.