
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സുരക്ഷ കണക്കിലെടുത്ത് ചീഫ് മെട്രോപോളിറ്റണ്‍ മജിസ്‌ട്രേറ്റ് പുരുഷോത്തം പട്‌നായിക്കിന്റെ വസതിയിലാണ് ഷര്‍ജീലിനെ ഹാജരാക്കിയത്. പട്യാല ഹൗസ് കോടതിയില്‍ ഷര്‍ജീലിനെ ഹാജാരാക്കാന്‍ പോലീസ് ശ്രമിച്ചുവെങ്കിലും കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ നീക്കം ഉപേക്ഷിച്ചു.
ഗവേഷണ വിദ്യാര്‍ഥിക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തെത്തി. രാജ്യദ്രോഹിയെ തൂക്കിലേറ്റണമെന്ന മുദ്രാവാക്യം മുഴക്കിയാണ് അഭിഭാഷകര്‍ രംഗത്തെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. രാജ്യത്തെ വിഭജിക്കുന്നതിനെപ്പറ്റി സംസാരിച്ചയാള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് തങ്ങള്‍ എത്തിയതെന്ന് അഭിഭാഷകര്‍ പറഞ്ഞു. 'ജയിലിന് പുറത്ത് കഴിയാനുള്ള അര്‍ഹത അയാള്‍ക്കില്ല. കര്‍ശന നടപടി സ്വീകരിക്കണം. എല്ലാ അഭിഭാഷകര്‍ക്കും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്' - അവര്‍ പറഞ്ഞു. സിആര്‍പിഎഫിന്റെ നേതൃത്വത്തിലുള്ള കര്‍ശന സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്.
ജാമിയ മിലിയ സര്‍വകലാശാലയിലും അലിഗഢിലും നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ബിഹാറിലെ ജഹാനാബാദില്‍നിന്ന് ചൊവ്വാഴ്ചയാണ് ഷര്‍ജീല്‍ അറസ്റ്റിലായത്. ബുധനാഴ്ചയാണ് പോലീസ് ഡല്‍ഹിയിലെത്തിച്ചത്. അസം അടക്കമുള്ള വടക്കു കിഴക്കന്‍ മേഖല രാജ്യത്തുനിന്ന് വേര്‍പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഷര്‍ജീലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.
ജാമിയ മിലിയ ഇസ്‌ലാമിയ, അലിഗഢ് മുസ്‌ലിം സര്‍വകലാശാല എന്നിവിടങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷര്‍ജീല്‍ രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷര്‍ജീലിന്റെ പ്രസംഗം കനയ്യ കുമാറിന്റെ പ്രസംഗത്തെക്കാള്‍ അപകടകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Delhi court sends Sharjeel Imam to 5-day police custody
Published: 29 Jan 2020, 09:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented