ന്യൂഡൽഹി: ദേശീയ താത്പര്യത്തിനും രാജ്യത്തിൻ്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും കോട്ടം വരുത്തുന്ന കാര്യങ്ങൾ ഒരുതരത്തിലും അനുവദിക്കാനാകില്ലെന്ന് ഡൽഹി കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ത്യ എഐ ഇംപാക്റ്റ് ഉച്ചകോടിക്കിടെ നഗ്നരായി പ്രതിഷേധിച്ചതിനെക്കുറിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. ലോകശ്രദ്ധയാകർഷിക്കുന്ന പരിപാടികൾക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള നടപടികൾ ഗൗരവമായ പരിശോധനയ്ക്കും അന്വേഷണത്തിനും വിധേയമാക്കണമെന്നും കോടതി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

To advertise here,

"ഇത്തരം പെരുമാറ്റം നിയമപരമായ വിയോജിപ്പിൻ്റെ പരിധി ലംഘിക്കുകയും പൊതുക്രമത്തിനെതിരായ  വ്യക്തമായ ആക്രമണമായി മാറുകയും ചെയ്യുന്നു. ഇത് പരിപാടിയുടെ പരിശുദ്ധിയെ മാത്രമല്ല, വിദേശപങ്കാളികൾക്ക് മുന്നിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായയെയും അപകടത്തിലാക്കുന്നു," കോടതി പറഞ്ഞു.

പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ ശനിയാഴ്ച തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ പറഞ്ഞത്. തെളിവുകളിൽ കൃത്രിമം കാണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു. കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവരെ അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ഈ പ്രതിഷേധത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പ്രതിഷേധത്തെ അഴുക്കുപുരണ്ടതും നഗ്നവുമായ രാഷ്ട്രീയം എന്നും ഇത് അന്താരാഷ്ട്ര അതിഥികൾക്ക് മുന്നിൽ രാജ്യത്തെ നാണംകെടുത്തിയെന്നും വിശേഷിപ്പിച്ചു.