ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരം പുറത്ത്. ചെങ്കോട്ടയ്ക്ക് സമീപത്തെ പൊതു പാര്‍ക്കിങ് സ്ഥലത്തുവെച്ചാണ് ഉമര്‍ മുഹമ്മദ് സ്‌ഫോടകവസ്തുക്കള്‍ കൂട്ടിയോജിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സ്‌ഫോടനത്തിന് മുന്‍പുള്ള ഉമറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ ഉയര്‍ന്നുവന്ന ഒരു പ്രധാനചോദ്യം, സുനെഹ്‌രി മസ്ജിദിന് സമീപമുള്ള പാര്‍ക്കിങ്ങില്‍ ചെലവഴിച്ച മൂന്ന് മണിക്കൂറില്‍ അയാള്‍ എന്ത് ചെയ്തു എന്നതായിരുന്നു. ഇതിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്.
നവംബര്‍ പത്താംതീയതി ഉച്ചകഴിഞ്ഞ് 3.19-ന് ഉമര്‍ പാര്‍ക്കിങ്ങിലേക്ക് കാറോടിച്ച് കയറുന്നതും വൈകുന്നേരം 6.28-ന് പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏകദേശം 6.52-നാണ് സ്‌ഫോടനം നടന്നത്. പാര്‍ക്കിങ്ങില്‍ ചെലവഴിച്ച സമയത്ത് ഒരുവട്ടം പോലും ഉമര്‍ കാറിന് പുറത്തിറങ്ങിയിട്ടില്ലെന്നാണ് വിവരം. സ്‌ഫോടകവസ്തുക്കള്‍ കൂട്ടിയോജിപ്പിക്കാനാണ് ഉമര്‍ പാര്‍ക്കിങ് സ്ഥലത്ത് മൂന്നുമണിക്കൂറോളം ചിലവഴിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അത് പൂര്‍ത്തിയാക്കിയ ശേഷം, ഉടന്‍തന്നെ ഇയാൾ അവിടെനിന്ന് പുറത്തിറങ്ങുകയായിരുന്നു.
രാവിലെ ഡല്‍ഹിയില്‍ എത്തിയശേഷം തന്റെ കൂട്ടാളികളുമായി ഉമര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആക്രമണം എവിടെ നടത്തണം എന്നതു സംബന്ധിച്ച ചര്‍ച്ചയായിരിക്കണം ഇവര്‍ തമ്മില്‍ നടന്നതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ഓള്‍ഡ് ഡല്‍ഹിയിലേക്ക് കടക്കുന്നതിന് മുൻപ് മയൂര്‍വിഹാറിലൂടെയും കൊണാട്ട് പ്ലേസിലൂടെയും ഉമര്‍ സഞ്ചരിച്ചിരുന്നു. പിന്നാലെയാണ് ആക്രമണത്തിന് ചെങ്കോട്ടയുടെ സമീപത്തെ പാര്‍ക്കിങ് സ്ഥലം തിരഞ്ഞെടുത്തത്. ചെങ്കോട്ടയുടെ ചരിത്രപരമായ പ്രധാന്യവും അവിടെ ആക്രമണം നടത്താന്‍ തിരഞ്ഞെടുക്കുന്നതില്‍ കാരണമായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, തിങ്കളാഴ്ച ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലെന്ന കാര്യം ഉമറിനും അയാളെ നിയന്ത്രിച്ചിരുന്നവര്‍ക്കും ധാരണയില്ലായിരുന്നു. പാര്‍ക്കിങ് സ്ഥലവും ഏറെക്കുറേ വിജനമായിരുന്നു. ഇതോടെ പാര്‍ക്കിങ് സ്ഥലത്ത് സ്‌ഫോടനം നടത്താനുള്ള പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് തിരക്കേറിയ സുഭാഷ് മാര്‍ഗില്‍ സ്‌ഫോടനം നടത്താന്‍ ഉമറും സംഘവും തീരുമാനിച്ചത്.
Content Highlights: delhi blast umar assembled explosives at red fort car parking
Published: 19 Nov 2025, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented