ന്യൂഡൽഹി: നവംബര്‍ 10-ന് ഡല്‍ഹിയുടെ ഹൃദയഭാഗത്തുണ്ടായ സ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് രാജ്യം. തിങ്കളാഴ്ച വൈകീട്ടത്തെ സ്‌ഫോടനമുണ്ടാക്കിയ മുറിവ് ഡല്‍ഹിയുടെ മനസ്സില്‍ ചോരപൊടിഞ്ഞുകിടക്കുകയാണ്. നേതാജി സുഭാഷ് മാര്‍ഗില്‍, ചെങ്കോട്ടയിലേക്കും ചാന്ദ്നി ചൗക്കിലേക്കും വഴിതിരിയുന്ന ജങ്ഷനില്‍, ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിന് സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്.

To advertise here,

കാറില്‍ സ്‌ഫോടകവസ്തുക്കള്‍ കടത്തുന്നതിനിടെ ഇവ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഭീകരാക്രമണത്തിന് പദ്ധതിയിട്ട സുഹൃത്തുക്കള്‍ അറസ്റ്റിലായതിനെത്തുടര്‍ന്നുള്ള സമ്മര്‍ദത്തില്‍ കാറിലുണ്ടായിരുന്ന ഡോ. ഉമര്‍ നബി സ്‌ഫോടനം നടത്തുകയായിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഭീകരാക്രമണം നടത്തിയ ചാവേര്‍ ഉമര്‍ നബിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് (എന്‍ഐഎ) അന്വേഷണ ചുമതല.

ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനം അതിര്‍ത്തിക്കപ്പുറത്തെ പ്രധാനപ്പെട്ട ഭീകര മുഖങ്ങളിലൊന്നായ മസൂദ് അസറിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുകയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിട്ടും പാകിസ്താന്റെ കാവലില്‍ കഴിയുന്ന ഈ ഭീകരന്‍, ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ മുന്‍നിര കുറ്റവാളികളില്‍ ഒരാളാണ്. സ്‌ഫോടനത്തിന്റെ പ്രാഥമിക അന്വേഷണ സൂചനകള്‍ വിരല്‍ചൂണ്ടുന്നത് പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലേക്കാണ് (ജെഇഎം). ഇക്കാര്യം പോലീസോ എന്‍ഐഎയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജെഇഎമ്മിന്റെ പങ്ക് സംശയിക്കാവുന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്നത്. സ്‌ഫോടനം ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഭീകരാക്രമണമാണെന്ന സൂചനയില്‍ യുഎപിഎ ചുമത്തി ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്.

മസൂദ് അസര്‍ ഇന്ത്യയ്ക്ക് സ്ഥിരം ഭീഷണി

2001-ലെ പാര്‍ലമെന്റ് ആക്രമണം, 2008-ലെ മുംബൈ ആക്രമണം, 2016-ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം തുടങ്ങി ഇന്ത്യയുടെ മനസുലച്ച വിവിധ ആക്രമണങ്ങള്‍ക്കുപിന്നില്‍ ജെയ്‌ഷെ മുഹമ്മദിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ ഡല്‍ഹി സ്‌ഫോടനവും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. 1994-ല്‍ കശ്മീരിലെ ഖനബാളില്‍ അറസ്റ്റിലായി ജമ്മുവിലെ കോട്ബല്‍വാള്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന മസൂദ് അസ്ഹറിനെ മോചിപ്പിക്കുന്നതിനാണ് 1999-ല്‍ ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേക്ക് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അന്ന് ഇന്ത്യ വിട്ടുകൊടുത്ത മസൂദ് അസ്ഹര്‍ പാകിസ്താനില്‍ ജന്മസ്ഥലമായ ബഹാവല്‍പ്പുരില്‍ തിരിച്ചെത്തി ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുകയാണ്. പാക് പട്ടാളത്തിന്റെയും സൈനിക ചാരസംഘടനയായ ഐഎസ്ഐയുടെയും പരിലാളനകള്‍ ലഭിക്കുന്ന ഭീകരനാണിയാള്‍. ജെഇഎം ഇന്ത്യയില്‍ സംഘടിപ്പിക്കുന്ന എല്ലാ ആക്രമണങ്ങളുടെയും പിന്നില്‍ ഐഎസ്ഐയുടെ സഹായവുമുണ്ട്.

ഡല്‍ഹിയിലെ സ്‌ഫോടനത്തിനു മുമ്പ് ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി നടന്ന പരിശോധനയില്‍ 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിര്‍മാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കള്‍ പിടികൂടിയതും ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ഈ പരിശോധനയില്‍ മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായിരുന്നു. ജെയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ ഘസ് വാത് ഉള്‍ ഹിന്ദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ളവരാണ് പിടിയിലായത്. ജെയ്‌ഷെ മുഹമ്മദും ഐഎസിന്റെ ഇന്ത്യന്‍ ഘടകമായി കരുതുന്ന അന്‍സാര്‍ ഘസ് വാത് ഉള്‍ ഹിന്ദും ഇന്ത്യയില്‍ വന്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. ഈ അറസ്റ്റും വിരല്‍ ചൂണ്ടുന്നത് ജെയ്‌ഷെ മുഹമ്മദിലേക്കു തന്നെ.

പാകിസ്താന്റെ സംരക്ഷണം

പാകിസ്താന്റെ സംരക്ഷണയില്‍ മസൂദ് അസര്‍ സ്വതന്ത്രനായി വിഹരിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വര്‍ഷങ്ങളായി നടക്കുന്ന ഏറ്റുമുട്ടലുകളില്‍ അസറിന്റെ നിരവധി സഹായികളും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. എന്നിട്ടും പാകിസ്താന്‍ നല്‍കുന്ന ശക്തമായ പിന്തുണയില്‍ അസറും സംഘവും ഇപ്പോഴും അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം തുടരുന്നുണ്ടെന്നുമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ഭീകരവിരുദ്ധ, സുരക്ഷാ ഏജന്‍സികളുടെ പതിവ് റെയ്ഡുകള്‍ക്കിടെ പലപ്പോഴും അസറിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാറുണ്ട്.

അസറിന്റെ ഭീകര പ്രതിജ്ഞ

കഴിഞ്ഞ നവംബറില്‍, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു മതപഠന കേന്ദ്രത്തിൽ അസര്‍ ഒരു പൊതു പ്രസംഗം നടത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്ന് അസർ പ്രതിജ്ഞയെടുത്തിരുന്നു. ജമ്മു കശ്മീരില്‍ ജെയ്ഷെ മുഹമ്മദ് ആക്രമണങ്ങള്‍ ശക്തമാക്കുമെന്നും ഇയാൾ തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. അസറിനും ജെയ്ഷെ മുഹമ്മദിനുമെതിരേ നടപടിയെടുക്കണമെന്ന് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭീകരവാദത്തിനെതിരാണെന്ന് പ്രഖ്യാപിക്കുകയും പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരേ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന പാകിസ്താന്റെ ഇരട്ടത്താപ്പാണ് അതിലൂടെ വ്യക്തമായത്.

ഓപ്പറേഷന്‍ സിന്ദൂര്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങള്‍ക്ക് വലിയ നാശനഷ്ടം നേരിട്ടിരുന്നു. ബഹവല്‍പുരിലെ ഭീകര ക്യാമ്പില്‍ നടന്ന ആക്രമണത്തില്‍ അസറിന്റെ കുടുംബത്തിലെ കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ആക്രമിച്ച ഒമ്പത് ഭീകര ക്യാമ്പുകളില്‍ ഒന്നായിരുന്നു ജാമിയ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ്. ആക്രമണത്തില്‍ മരിച്ചവരില്‍ അസറിന്റെ മൂത്ത സഹോദരി, ഭര്‍ത്താവ്, അനന്തരവന്‍, ഭാര്യ, അനന്തരവള്‍, കുടുംബത്തിലെ അഞ്ച് കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നു. എന്നിരുന്നാലും, അസര്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് ഒരു പ്രസ്താവനയില്‍, ഈ മരണങ്ങളില്‍ തനിക്ക് ഖേദമോ നിരാശയോ ഇല്ലെന്നും എന്നാല്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം മരിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുവെന്നും അസർ പറഞ്ഞു.