ന്യൂഡൽഹി: ഡൽഹിയിൽ പൊടിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന്  ഇന്ദിര ഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഭാ​ഗികമായി സ്തംഭിച്ചു. നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ അമ്പതിലധികം ആഭ്യന്തര വിമാന സർവീസുകൾ വൈകിയതായും ഇരുപത്തഞ്ചോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഏഴ് വിമാനങ്ങൾ റദ്ദാക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

To advertise here,

എയർലൈൻ ജീവനക്കാരുടെ ഭാ​ഗത്തുനിന്ന് മോശം സമീപനമാണ് ഉണ്ടായതെന്ന് ആരോപിച്ച് യാത്രക്കരിൽ ചിലർ സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു. ബോർഡിങ് ഗേറ്റുകളിൽ വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടതെന്ന് ദൃശ്യങ്ങളിൽ കാണാം. രൂക്ഷ വിമർശനങ്ങളാണ് വിമാനത്താവളത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.

'ഏറ്റവും മോശമായി കൈകാര്യം ചെയ്യപ്പെടുന്ന, തെറ്റായ വിവരങ്ങൾ നൽകുന്ന ലോകോത്തര വിമാനത്താവളം. ബസ് സ്റ്റാൻഡിനേക്കാൾ മോശം.' സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും എയർ ഇന്ത്യയെയും ടാഗ് ചെയ്തുകൊണ്ട് ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു. യാത്രക്കാരോട് കന്നുകാലികളോട് എന്നതിനേക്കാൾ മോശമായിട്ടാണ് പെരുമാറിയതെന്ന് മറ്റൊരു ഉപഭോക്താവും കുറിച്ചു. യാത്രക്കാരുടെ തിക്കും തിരക്കും കാരണം ടെർമിനൽ മൂന്നിൽ അനിയന്ത്രിത അവസ്ഥയാണ് ഉള്ളതെന്ന് പലരും പരാതിപ്പെട്ടു.

'മോശം കാലാവസ്ഥ വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ടെന്ന് ദയവായി മനസിലാക്കുക. എല്ലാ യാത്രക്കാരെയും സഹായിക്കാൻ ഞങ്ങളുടെ ജീവനക്കാർ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്'. എയർ ഇന്ത്യ മറുപടി നൽകി. ഇൻഡി​ഗോയ്ക്കെതിരെയും സമാന രീതിയിൽ വിമർശനമുയർന്നു.

രണ്ട് ദിവസമായി രാജ്യതലസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. മരങ്ങൾ കടപുഴകുകയും വാഹനങ്ങൾക്ക് മുകളിൽ മരശിഖിരങ്ങൾ വീഴുകയും ​ഗതാ​ഗതം സ്തംഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല് പേർക്ക് പരിക്കേറ്റതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.