
സി പി ഐ യുടെ സെക്രട്ടറിയായി വീണ്ടും നിയമിതനായ ശേഷം ഡി രാജ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സാബു സ്കറിയാച്ചൻ / മാതൃഭൂമി
ദാരിദ്ര്യത്തിന്റെയും ജാതിവിവേചനത്തിന്റെയും കഠിനപാതകള്‍ താണ്ടിയാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്തേക്ക് ദുരൈസാമി രാജ എന്ന ഡി. രാജ നടന്നുകയറിയത്. 1949-ല്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ചിത്താത്ത് ഗ്രാമത്തില്‍ ദുരൈസാമി-നായകം ദമ്പതികളുടെ മകനായാണ് ജനനം. ചിത്താത്ത് പാലാര്‍ നദിക്കരയിലെ മാലിന്യക്കൂനയ്ക്ക് സമീപത്തെ കൊച്ചു കുടിലില്‍നിന്ന് തുടങ്ങിയ രാഷ്ട്രീയയാത്രയാണ് രാജയെ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയ മുഖമായി മാറ്റുന്നത്. പട്ടിണിയോടും ദാരിദ്ര്യത്തോടും തന്റെ നാട്ടിലെ കാട്ടുനീതികളോടും പടവെട്ടിവന്ന രാജ സ്വഭാവത്തില്‍ സൗമ്യനും നിലപാടുകളില്‍ കര്‍ക്കശക്കാരനുമായി മാറി.
വിദ്യാര്‍ഥികാലത്ത് തന്നെ ഇടത് മുന്നേറ്റങ്ങളില്‍ ആകൃഷ്ടനായി വിദ്യാര്‍ഥി സംഘടനാരംഗത്തെത്തി. സമരഭരിതമായിരുന്ന 1970-കളിലെ തമിഴ്നാട് രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ യുവനേതാവായിരുന്നു രാജ. എഐവൈഎഫിന്റെ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയുമായി. അക്കാലത്താണ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമാവുന്നത്. ദേശീയ നിര്‍വാഹകസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ തട്ടകം ഡല്‍ഹിയിലേക്ക് മാറ്റി. 1994 മുതല്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടേറിയേറ്റ് അംഗവുമായി. 2007-ലും 2013-ലും തമിഴ്നാട്ടില്‍നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ നിര്‍ണായക സാന്നിധ്യമായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്ത് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ദളിത് വിഭാഗക്കാരനായി രാജമാറി.
ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന കാലത്തും പിന്നീട് അത് ദുര്‍ബലമായപ്പോഴും സിപിഐയുടെ മുഖമായി രാജയുണ്ടായിരുന്നു. യുപിഎ സര്‍ക്കാരിന്റെ ഭാഗമായുള്ള പൊതുമിനിമം പരിപാടി, ഇന്ത്യാ സഖ്യരൂപീകരണം തുടങ്ങിയവയില്‍ പങ്ക് വഹിച്ചു. വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ ഇടതു പാര്‍ട്ടികളുടെ ദേശീയ ഐക്യം രൂപീകരിക്കുന്നതിലും പങ്കാളിയായി. കേരളഘടകത്തില്‍ വിഭാഗീയ പ്രശ്നങ്ങളുണ്ടായപ്പോഴും രാജയുടെ സൗമ്യമായ സാന്നിധ്യം പലപ്പോഴും നിര്‍ണായകമായിരുന്നു.
2018-ല്‍ കൊല്ലത്തു നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്. സുധാകര്‍ റെഡ്ഡി ഒഴിഞ്ഞതിനെ തുടര്‍ന്ന് 2019-ലാണ് രാജ ആദ്യമായി ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തുന്നത്. 2022-ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സിപിഐയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ചണ്ഡിഗഡില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലൂടെ മൂന്നാം തവണയും പാര്‍ട്ടി രാജയുടെ നേതൃത്വം അടിവരയിട്ട് അംഗീകരിച്ചിരിക്കുകയാണ്. ദേശീയ നിര്‍വാഹകസമിതി അംഗം മലയാളിയായ ആനി രാജയാണ് ഭാര്യ. എഐഎസ്എഫ് നേതാവും ഗവേഷകയുമായ അപരാജിത ഏക മകളാണ്.
Content Highlights: D. Raja`s journey from a Dalit background to the helm of the Communist Party of India
Published: 25 Sept 2025, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented