കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നാശംവിതച്ച സിട്രോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദേശം. അസം, മേഘാലയ, മിസോറം, ത്രിപുര, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പല ഭാഗത്തും മഴ തുടരുകയാണ്. തിങ്കളാഴ്ച രാവിലെയോടെ സിട്രോങ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി  മാറി.

To advertise here,

രണ്ടു ദിവസേത്തേക്കെങ്കിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ത്രിപുര, മിസോറം, മേഘാലയ,മണിപ്പൂര്‍, വടക്കേ അസം എന്നിവിടങ്ങളില്‍ വ്യാപക കൃഷിനാശത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ബംഗ്ലദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്ലെലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് വടക്കുകിഴക്കന്‍ മേഖലകളിലെ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. ഇംഫാല്‍-ഷില്ലോങ്ങ്, അഗര്‍ത്തല-കൊല്‍ക്കത്ത, ഡല്‍ഹി-അഗര്‍ത്തല ഉള്‍പ്പെടെ പത്തോളം വിമാനങ്ങളാണ് റദ്ദാക്കിയത്. ട്രെയിന്‍ ഗതഗാതത്തെയും ബാധിച്ചിട്ടുണ്ട്.
 

അതിനിടെ, ബംഗ്ലദേശില്‍ സിട്രോങ് ചുഴലിക്കാറ്റില്‍ ഏഴു മരണം റിപ്പോര്‍ട്ടു ചെയ്തു. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ വന്‍നാശമാണ്  സിട്രോങ്  വിതച്ചത്. മുപ്പതിനായിരത്തോളം ആളുകളേയാണ് മാറ്റിപാര്‍പ്പിച്ചത്.