മധുര:പ്രായപരിധി കർശനമാക്കിയാൽ സിപിഎം പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിയേണ്ടിവരുന്ന വൃന്ദാ കാരാട്ടിനും സുഭാഷിണി അലിക്കുംപകരം രണ്ട് വനിതകളെത്തന്നെ ഉൾപ്പെടുത്തും. അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെയും തമിഴ്നാട്ടിൽനിന്നുള്ള മുതിർന്ന നേതാവ് യു. വാസുകിയുമാണ് പരിഗണിക്കപ്പെടുന്ന പേരുകൾ.
സീതാറാം യെച്ചൂരി അന്തരിച്ചതിനെത്തുടർന്നുള്ള ഒഴിവ് നികത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, സൂര്യകാന്ത് മിശ്ര, മാണിക് സർക്കാർ, ജി. രാമകൃഷ്ണൻ എന്നിവരാണ് പിബിയിലെ പ്രായപരിധി കഴിഞ്ഞ മറ്റ് അംഗങ്ങൾ. പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പിബി അംഗങ്ങളായിരിക്കണമെന്ന രീതി സിപിഎം സ്വീകരിക്കാറുണ്ട്. ഈ ഇളവ് പിണറായിക്ക് കിട്ടിയേക്കും.
നിലവിൽ പാർട്ടി അംഗങ്ങളിൽ രണ്ടാംസ്ഥാനമുള്ള തമിഴ്നാടിന്, ജി. രാമകൃഷ്ണൻ ഒഴിയുന്നതോടെ പിബി പ്രതിനിധ്യം ഇല്ലാതാകും. ആ പരിഗണനയും വാസുകിക്ക് അനുകൂലമാകും.
പിബി അംഗം അശോക് ധാവ്‌ളെയുടെ ഭാര്യയാണ് മഹാരാഷ്ട്രയിൽനിന്നുള്ള നേതാവായ മറിയം ധാവ്‌ളെ. മറിയം പിബി അംഗമായാൽ പ്രകാശ് കാരാട്ടിനും വൃന്ദയ്ക്കുംശേഷം പാർട്ടി ഉപരിഘടകത്തിലെത്തുന്ന ദമ്പതിമാരെന്ന വിശേഷണത്തിന് ഇവർ അർഹരാകും. വനിതകളിൽ പിബിയിലേക്ക് പരിഗണിക്കുന്ന മറ്റൊരുപേര് ആന്ധ്രയിൽനിന്നുള്ള ഹേമലതയുടേതാണ്.
പ്രതീക്ഷയോടെ കേരളം
കേരളത്തിൽനിന്ന് ആരൊക്കെ പൊളിറ്റ് ബ്യൂറോയിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും എത്തുമെന്നതാണ് പാർട്ടികോൺഗ്രസിൽ ഉറ്റുനോക്കുന്ന മറ്റൊരുകാര്യം. പൊളിറ്റ്ബ്യൂറോയിൽ കേരളത്തിൽനിന്ന് ഒഴിവുകളൊന്നുമില്ല. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിൽ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ നാല് പിബി അംഗങ്ങളാണ് കേരളത്തിൽനിന്നുള്ളത്. ബംഗാളിൽനിന്ന് അഞ്ചുപേരും. ഇതിൽ സൂര്യകാന്ത് മിശ്ര പ്രായപരിധിയിൽ ഒഴിവാകും. ബംഗാളിൽ പാർട്ടി അംഗബലം കുറഞ്ഞിരിക്കേ, പാർട്ടി ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയിൽ ഈ ഒഴിവ് കേരളത്തിൽനിന്ന് നികത്താനുള്ള സാധ്യതയുണ്ട്. മുതിർന്ന കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജനാകും പരിഗണന. പിന്നാക്കവിഭാഗത്തിൽനിന്നുള്ള ഒരാളെയാണ് ഉൾപ്പെടുത്തുന്നതെങ്കിൽ കെ. രാധാകൃഷ്ണനെ പരിഗണിച്ചേക്കും.
കെ.കെ. ശൈലജയുടെ പിബി പ്രവേശനം വാർത്തകളിൽ സജീവമാണെങ്കിലും സാധ്യത വളരെ കുറവ്. കൊല്ലം സംസ്ഥാനസമ്മേളനത്തിലാണ് ശൈലജ സംസ്ഥാനസെക്രട്ടേറിയറ്റിലെത്തിയത്. സംസ്ഥാനഘടകത്തിന്റെ പ്രത്യേക ചുമതല വഹിക്കുന്ന സെക്രട്ടേറിയറ്റ് അംഗങ്ങളെ പിബിയിലേക്ക് ഉൾപ്പെടുത്തുന്ന രീതിയില്ല.
കോടിയേരിയുടെയും പ്രായപരിധിയിൽ മാറേണ്ടിവരുന്ന എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരുടേതുമുൾപ്പെടെ കേന്ദ്രകമ്മിറ്റിയിൽ നിലവിൽ മൂന്നൊഴിവുകളാണ് കേരളത്തിൽനിന്നുണ്ടാകുക. എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ കേന്ദ്രകമ്മിറ്റിയിൽ എത്താൻ സാധ്യതയേറെ. പി.കെ. ശ്രീമതിക്കു പകരം മേഴ്സിക്കുട്ടിയമ്മ, ടി.എൻ. സീമ എന്നിവരിലൊരാളെ പരിഗണിച്ചേക്കും. കൂടുതൽ സാധ്യത ടി.എൻ. സീമയ്ക്ക്.
സെക്രട്ടേറിയറ്റിലെ പുതുനിരനേതാക്കളിലൊരാളാവും മൂന്നാമത്തെ ഒഴിവിൽ കേന്ദ്രകമ്മിറ്റിയിലെത്തുക. വി.എൻ. വാസൻ, പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു എന്നിവരാണ് പരിഗണനയിൽ. എ.കെ. ബാലൻ ഒഴിയുന്ന സാഹചര്യത്തിൽ പിന്നാക്കവിഭാഗം, പാലക്കാട് ജില്ലാപ്രാതിനിധ്യം എന്നിവ പി.കെ. ബിജുവിന് അനുകൂലമാകും.
Content Highlights: cpm party congress madurai politburo
Published: 02 Apr 2025, 07:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented