
അരിസ്റ്റോട്ടിലിന്റെ വിഖ്യാത വചനം സ്മരിച്ചുകൊണ്ടാണ് ഒരിക്കൽ സീതാറാം യെച്ചൂരി ഒരു സംഭാഷണം തുടങ്ങിയത് : ''രണ്ട് കൂട്ടർക്ക് മാത്രമേ അരാഷ്ട്രീയരാവാൻ കഴിയുകയുള്ളു, ദൈവങ്ങൾക്കും മൃഗങ്ങൾക്കും.'' യെച്ചൂരി ദൈവങ്ങളിൽ വിശ്വസിച്ചിരുന്നില്ല. മനുഷ്യരിലായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. സവിശേഷ ബുദ്ധി ഉപയോഗിച്ച് ചരിത്രം നിർമ്മിക്കുന്ന മനുഷ്യരിലുള്ള ഈ വിശ്വാസമായിരുന്നു യെച്ചൂരിക്ക് കമ്മ്യൂണിസം. ഇടപെടേണ്ടത് ആർക്ക് വേണ്ടിയാണെന്നതിൽ ഒരു തരത്തിലുള്ള സംശയവും യെച്ചൂരിക്കുണ്ടായിരുന്നില്ല. 1970 കളിൽ ഡെൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോൾ യെച്ചൂരിയും കുറച്ച് സുഹൃത്തുക്കളും തീവ്ര ഇടതുപക്ഷ പാതയിലായിരുന്നു. അന്ന് കോളേജിന്റെ മേൽക്കൂരയിൽ കോറിയിട്ട മുദ്രാവാക്യങ്ങൾ ''ചൈനയുടെ വഴി നമ്മുടെ വഴി, ചെയർമാൻ മാവോ നമ്മുടെ ചെയർമാൻ'' എന്നായിരുന്നു. കുടുംബ പാരമ്പര്യം സമ്മാനിച്ച പൂണൂൽ ഊരിമാറ്റി ഹാംഗറിൽ കൊളുത്തിയിട്ടതും ഈ കാലത്താണ്. യെച്ചൂരി പിന്നീട് എസ്എഫ്‌ഐയിലേക്കും സിപിഎമ്മിലേക്കും വന്നു. നക്‌സലുകളുടെയും മാവോയിസ്റ്റുകളുടെയും പോരാട്ട വീര്യം ഉൾക്കൊള്ളുമ്പോഴും അതല്ല ഇന്ത്യൻ കമ്മ്യൂണിസത്തിന്റെ വഴിയെന്ന് ചൂണ്ടിക്കാട്ടാൻ യെച്ചൂരിക്ക് കഴിഞ്ഞത് പണ്ടൊരിക്കൽ അതേ വഴിയിലൂടെ നടന്ന അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു.
നിലപാടുകളിലും ബോദ്ധ്യങ്ങളിലുമുള്ള തെളിച്ചമായിരുന്നു യെച്ചൂരിയുടെ മുഖമുദ്ര. മാർക്‌സിസ്റ്റ് നയങ്ങളും പദ്ധതികളും യെച്ചൂരി വിശദീകരിക്കുമ്പോൾ കേട്ടിരിക്കുന്നവർക്ക് അത് മനസ്സിലാവുമായിരുന്നു. കാര്യങ്ങൾ അറിയാവുന്നവർ സംസാരിക്കുമ്പോഴാണ് ഈ വ്യക്തതയും തെളിച്ചവുമുണ്ടാവുക. ഒരുപക്ഷേ, പി സുന്ദരയ്യയുടെ ശിക്ഷണമായിരുന്നിരിക്കണം ഈ തെളിച്ചത്തിലേക്ക് യെച്ചൂരിയെ നയിച്ചത്. രണ്ടുകൊല്ലം മുമ്പ് കൊച്ചിയിൽ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിനിടെ നടത്തിയ അഭിമുഖം ഓർമ്മ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവ കേരള ദർശന രേഖയായിരുന്നു കൊച്ചി സമ്മേളനത്തിലെ സുപ്രധാന വിഷയം. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന ഈ ദർശന രേഖ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. അഭിമുഖത്തിന്റെ കേന്ദ്ര ബിന്ദുവും ഈ രേഖയായിരുന്നു. സ്വകാര്യസർവ്വകലാശാലകൾ വരുമ്പോൾ സംവരണം ഉൾപ്പെടെയുള്ള സാമൂഹ്യ നീതി അട്ടിമറിക്കപ്പെടില്ലേ എന്ന ചോദ്യത്തിന് യെച്ചൂരിക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. സംവരണം ഉറപ്പാക്കാൻ നിയമം കൊണ്ടുവരുമെന്നും സാമൂഹ്യ നീതി ഉറപ്പാക്കുമെന്നും യെച്ചൂരി പറഞ്ഞു. സ്വകാര്യ മേഖലയുടെ ലക്ഷ്യം ലാഭമാണെന്നിരിക്കെ സംവരണം അനുശാസിക്കുന്ന സംരംഭങ്ങളിൽ മുതൽ മുടക്കാൻ വ്യവസായികൾ തയ്യാറാവുമോ എന്ന ചോദ്യത്തിനും യെച്ചൂരിക്ക് മറുപടിയുണ്ടായിരുന്നു. ലാഭം മാത്രം നോക്കി നടത്തുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഉയർന്ന നിലവാരത്തിലേക്കെത്താനുള്ള സാദ്ധ്യത കുറവാണെന്നും സാമൂഹ്യ യാഥാർത്ഥ്യങ്ങൾ സ്വകാര്യ സംരംഭകർ മനസ്സിലാക്കണമെന്നും യെച്ചൂരി പറഞ്ഞു. സമൂഹത്തോടുള്ള ധാർമ്മിക ബാദ്ധ്യതകളിൽ നിന്ന് ഒളിച്ചോടുന്നതെങ്ങിനെയാണെന്നും യെച്ചൂരി ചോദിച്ചു. അതേ സമയം തന്നെ
സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയം കാലത്തിന്റെ ചുവരെഴുത്തുകൾ കൃത്യമായി വായിക്കാൻ സിപിഎമ്മിനാവുന്നതുകൊണ്ടാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. സമൂർത്ത സാഹചര്യങ്ങളോടുള്ള സമൂർത്തമായ പ്രതികരണമാണ് മാർക്‌സിസം എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു യെച്ചൂരി.
കണ്ണാടി ഉടയ്ക്കാത്തവർ
പിണറായി വിജയൻ എന്ന ഒരൊറ്റ നേതാവിലേക്ക് കേരളത്തിൽ സിപിഎം ഒതുങ്ങുകയാണോ എന്ന ചോദ്യത്തിന് യെച്ചൂരിയുടെ മറുപടി ഇതായിരുന്നു : ''പിണറായി പാർട്ടിയെ നയിക്കുകയല്ല, പാർട്ടി പിണറായിയെ നയിക്കുകയാണ് ചെയ്യുന്നത്.'' പിണറായി വിജയൻ സർക്കാർ പോലിസ് നിയമം ഭേദഗതി ചെയ്തത് ഈ ഘട്ടത്തിൽ ഓർക്കേണ്ടതായുണ്ട്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള പദ്ധതിയാണ് ഈ ഭേദഗതിയെന്ന വിമർശം ശക്തമായപ്പോൾ ഭേദഗതി പിൻവലിക്കണമെന്ന നിലപാട് സിപിഎം കേന്ദ്ര നേതൃത്വം എടുത്തതിൽ യെച്ചൂരിയുടെ ഇടപെടൽ നിർണ്ണായകമായിരുന്നു. അലൻ - താഹമാർക്കെതിരെ യുഎപിഎ ചുമത്തിയ കേരള സർക്കാരിന്റെ നടപടിയിലുള്ള അതൃപ്തി യെച്ചൂരി പരസ്യമായി പ്രകടപിപ്പിച്ചു. അതിനും മുമ്പ് 2006 ൽ വി എസ് അച്യുതാനന്ദന് നിയമസഭ സീറ്റ് നൽകുന്നതിലും യെച്ചൂരി കൃത്യമായി ഇടപ്പെട്ടിരുന്നുവെന്നത് രഹസ്യമല്ല.

പിണറായി - വിഎസ് ആശയ സംഘർഷങ്ങളിൽ ഏതുഭാഗത്താണ് യെച്ചൂരി നിലയുറപ്പിച്ചതെന്നതും മറക്കാനാവില്ല. തിരുത്തേണ്ട എല്ലാ ഘട്ടങ്ങളിലും തിരുത്തിയിരുന്നോ എന്ന് ചോദിച്ചാൽ ഇല്ലെന്നായിരിക്കും ഉത്തരം. പാർട്ടിയെ നിങ്ങൾക്ക് വളക്കാം പക്ഷേ, ഒടിക്കാനാവില്ലെന്ന പ്രായോഗികതയുടെ മൂശയിൽ ഉരുക്കിയെടുക്കുന്ന മറുപടിയായിരിക്കും ഈ വിമർശത്തിന് യെച്ചൂരി നൽകുക. വിമർശനാത്മകമായ ചോദ്യങ്ങൾ ചോദിച്ചാൽ ക്ഷോഭിക്കാതെ മറുപടി നൽകുന്ന വളരെക്കുറച്ച് രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു യെച്ചൂരി. കണ്ണാടിയിൽ കാണുന്നത് സുഖകരമല്ലെങ്കിൽ കണ്ണാടി ഉടയ്ക്കുകയല്ല അതിനുള്ള മറുമരുന്നെന്ന തിരിച്ചറിവ് യെച്ചൂരിക്കുണ്ടായിരുന്നു. അടുത്ത തവണ കാണുമ്പോൾ 2021 ൽ ഇടതുപക്ഷത്തിന് കേരളത്തിൽ ചരിത്രം കുറിച്ച തുടർച്ചയുണ്ടായപ്പോൾ പുതിയൊരു മുഖ്യമന്ത്രിയെ കണ്ടെത്താമായിരുന്നില്ലേ എന്ന ചോദ്യം യെച്ചൂരിയോട് ചോദിക്കണമെന്നുണ്ടായിരുന്നു. ഇനിയിപ്പോൾ അടുത്ത ജനറൽ സെക്രട്ടറിയോടാവാം ആ ചോദ്യം.
2018 ൽ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം ഫാസിസത്തിന്റെ മുന്നേറ്റം അഭിമഖീകരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ വേദി വിശാലമാക്കിക്കൊണ്ടുമാത്രമേ ഇതിന് തടയിടാനാവുകയുള്ളുവെന്നും യെച്ചൂരി നിലപാടെടുത്തു. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസുമായുള്ള സഖ്യം അനിവാര്യമാണെന്ന് തുറന്നു പറയാൻ യെച്ചൂരിക്ക് മടിയുണ്ടായില്ല. അന്ന് പാർട്ടിയുടെ ലൈൻ എതിരാവുകയാണ് എന്ന് തോന്നിയപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാനും യെച്ചൂരി സന്നദ്ധത പ്രകടിപ്പിച്ചു. 1975 ൽ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ജനസംഘവുമായി കൈകോർക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച പി സുന്ദരയ്യയെയാണ് അപ്പോൾ യെച്ചൂരി ഓർമ്മിപ്പിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ പിടിച്ചുകെട്ടാൻ പ്രതിപക്ഷ നിരയ്ക്കായെങ്കിൽ അതിനുള്ള ബഹുമതിയിൽ ഒരു പങ്ക് നിസ്സംശയമായും യെച്ചൂരിക്കുള്ളതാണ്. കോൺഗ്രസിനും ഇതര സഖ്യകക്ഷികൾക്കുമിടയിൽ ഒരു പാലമുണ്ടായിരുന്നെങ്കിൽ ആ പാലം യെച്ചൂരിയായിരുന്നു. കാശ്മീരിലെ അബ്ദുള്ളമാരും മഹാരാഷ്ട്രയിലെ പവാർമാരും ബിഹാറിലെ ലാലുമാരും യുപിയിലെ യാദവരും തമിഴകത്തെ സ്റ്റാലിനും എന്തിന് ബംഗാളിലെ മമതയും ഒരുപോലെ ചെവികൊടുക്കുന്ന ഒരു നേതാവായിരുന്നു സീതാറാം യെച്ചൂരി. ഇന്നിപ്പോൾ ഇന്ത്യൻ ജനാധിപത്യം ആത്മവീര്യവും ഊർജ്ജവും വീണ്ടെടുത്തിട്ടുണ്ടെങ്കിൽ അതിന് നമ്മൾ ഈ മനുഷ്യനോട് തീർച്ചയായും കടപ്പെട്ടിരിക്കുന്നു.
32 -ാമത്തെ വയസ്സിൽ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്കെത്തിയ യെച്ചൂരിക്ക് പൊളിറ്റ് ബ്യൂറൊ അംഗമാവുമ്പോൾ നാൽപത് വയസ്സേ ഉണ്ടായിരുന്നുള്ളു. പിബി അംഗങ്ങളുടെ ശരാശരി പ്രായം എഴുപതാണെന്ന പ്രതീതി നിലനിൽക്കുമ്പോഴായിരുന്നു യെച്ചൂരിയുടെ ഈ രംഗപ്രവേശം. പ്രകാശ് കാരാട്ടിനും മുന്നേ യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയായിരുന്നെങ്കിൽ സിപിഎം ഇന്നത്തെ അവസ്ഥയിലേക്കെത്തുമായിരുന്നില്ല എന്ന് ആത്മരോഷം കൊള്ളുന്നവരുണ്ട്. ചരിത്രത്തിൽ എങ്കിലുകൾക്ക് സ്ഥാനമില്ല എന്നുമാത്രമേ ഇക്കൂട്ടരോട് പറയാനാവുകയുള്ളു. 2015 ൽ യെച്ചൂരി സിപിഎം ജനറൽ സെക്രട്ടറിയാവുമ്പോൾ പാർട്ടിയുടെ ഏറ്റവും വലിയ കോട്ടയായിരുന്ന ബംഗാളിൽ സിപിഎം ചരിത്രപരമായ തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മണിക് സർക്കാരിന്റെ ത്രിപുരയിൽ മാത്രമായിരുന്നു അന്ന് സിപിഎം ഭരണം.
ബംഗാളിലും ത്രിപുരയിലും ഇനിയിപ്പോൾ സിപിഎമ്മിന് ഒരു തിരിച്ചുവരവുണ്ടാകുമെന്ന് എത്ര സിപിഎം സഖാക്കൾ ഉള്ളിന്റെയുള്ളിൽ വിശ്വസിക്കുന്നുണ്ടെന്നറിയില്ല. കേരളത്തിലാണെങ്കിൽ സിപിഎം നേരിടുന്ന പ്രതിസന്ധി അനിതരസാധാരണവും കടുത്തതുമാണ്. പക്ഷേ, ഈ വിഷമ ഘട്ടങ്ങളിലും സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെടാതെ നിലനിർത്തിയതിലും യെച്ചൂരിയുടെ പങ്ക് നിസ്തുലമായിരുന്നു.
ജനപിന്തുണയുടെ സാംഗത്യം
പ്രസ്ഥാനത്തെ അഴിച്ചുപണിയുക എന്നത് ഒരിക്കലും എളുപ്പമല്ല. സ്ഥാപനവത്കരണം ഏതൊരു പ്രസ്ഥാനത്തെയും ഉള്ളിൽ നിന്ന് ക്ഷീണിപ്പിക്കും. അതറിയാവുന്നതുകൊണ്ടാണ് കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞത്. ആഭ്യന്തര കലാപങ്ങളില്ലാതെ പ്രസ്ഥാനങ്ങൾ നവീകരിക്കാനാവില്ല. അതിനേറ്റവും ആവശ്യമായ ഘടകം ജന പിന്തുണയാണ്. പാർട്ടി ഇടഞ്ഞപ്പോഴും വിഎസ് പതറാതിരുന്നത് ജനങ്ങൾ കൂടെയുണ്ടായിരുന്നതുകൊണ്ടാണ്. ജനങ്ങൾ കൂടെയുണ്ടെന്നതുകൊണ്ടാണ് നരേന്ദ്ര മോദിക്കെതിരെ പരസ്യ നീക്കം നടത്തുന്നതിൽ നിന്നും ആർഎസ്എസ് പിന്നോട്ട് വലിയുന്നത്. ജനങ്ങൾ ആവശ്യപ്പെട്ടതുകൊണ്ടാണ് കർണ്ണാടകത്തിൽ കോൺഗ്രസിന് സിദ്ധരാമയ്യയെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടി വന്നത്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും നേരിട്ട വലിയൊരു പ്രതിസന്ധി അവർ ജന പ്രതിനിധികളായിരുന്നില്ല എന്നതാണ്. ഒരു നിയമസഭ തിരഞ്ഞെടുപ്പിലോ ലോക്‌സഭ തിരഞ്ഞെടുപ്പിലോ കാരാട്ടും യെച്ചൂരിയും മത്സരിച്ചിട്ടില്ല. മാസ് ബെയ്‌സ് എന്ന സുപ്രധാന സംഗതി അതുകൊണ്ടുതന്നെ ഇരുവർക്കും അന്യമായി. പാർട്ടിക്ക് പുറത്ത് പോകേണ്ടി വന്നാൽ കാരാട്ടിന്റെയും യെച്ചൂരിയുടെയും തുടർപ്രവർത്തനങ്ങൾ എങ്ങിനെയായിരിക്കും എന്നാലോചിച്ചിക്കുന്നത് രസകരമായിരിക്കും. തിരുത്തൽ ശക്തികളാവുന്നതിനുള്ള പരമമായ ധാർമ്മിക ശക്തി ജന പിന്തുണയിൽ നിന്നാണുടലെടുക്കുക. സ്വാതന്ത്ര്യ പ്രാപ്തിയുടെ ദിനങ്ങളിൽ ആഘോഷങ്ങളിൽ നിന്നും അധികാരത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നുമകന്ന് ബംഗാളിലെ നവഖലിയിൽ വർഗ്ഗീയ ശക്തികൾക്കെതിരെ കാൽനടയാത്ര നടത്താൻ ഗാന്ധിജിക്കായത് ജനങ്ങളുടെ കലവറയില്ലാത്ത പിന്തുണ കൊണ്ടായിരുന്നു.

കാരാട്ടിനെയും യെച്ചൂരിയെയും പ്രതിക്കൂട്ടിൽ നിർത്തുകയല്ല , ചില യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. കാരാട്ടും യെച്ചൂരിയുമല്ല ഈ പ്രതിസന്ധിയുടെ ഉത്തരവാദികൾ എന്ന വസ്തുത മറന്നുകൊണ്ടുമല്ല ഇതെഴുതുന്നത്.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണെന്ന് തോന്നുന്നു യെച്ചൂരിയോട് അഭിമുഖ കർത്താവ് വിരമിക്കുമോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്നെടുത്തുപറയാൻ യെച്ചൂരി അധികം സമയമെടുക്കുന്നില്ല. രാഷ്ട്രീയം ജീവിതം തന്നെയാണെന്നും ജീവിതത്തിൽ നിന്നുള്ള വിരാമമാണ് രാഷ്ട്രീയത്തിനും തിരശ്ശീലയിടുകയെന്നും യെച്ചൂരിക്കറിയാമായിരുന്നു. യെച്ചൂരിയുടെ ആരോഗ്യ നില വഷളായിക്കൊണ്ടിരിക്കുകയാണെന്നറിഞ്ഞപ്പോൾ രണ്ട് ദിവസം മുമ്പ് മാദ്ധ്യമ പ്രവർത്തകനും ഏഷ്യൻ കോളേജ് ഒഫ് ജേർണലിസം ചെയർമാനുമായ ശശികുമാറിനോട് സംസാരിച്ചു. യെച്ചൂരിയുമായി വളരെയുടത്ത സൗഹൃദമുളള ശശികുമാറിന്റെ കൈവശം ഡെൽഹിയിലെ ആസ്പത്രിയിൽ നിന്നുള്ള ലേറ്റസ്റ്റ് വിവരങ്ങൾ ഉണ്ടായിരിക്കും എന്നറിയാമായിരുന്നു. ശ്വാസകോശത്തിലെ അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള അറ്റകൈ പ്രയോഗം എന്ന നിലയിൽ ഒരു വാക്‌സിൻ നൽകിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലപ്രാപ്തി അറിയാൻ 48 മണിക്കൂർ വേണമെന്നും ശശികുമാർ പറഞ്ഞു. എങ്ങിനെയുണ്ടെന്ന് വ്യാഴാഴ്ച രാവിലെ വീണ്ടും ശശികുമാറിനോട് ചോദിച്ചു. '' Still critical'' എന്നായിരുന്നു മറുപടി. Hoping against hope എന്ന് പറയുന്നതുപോലെ അപ്പോഴും പ്രത്യാശയുടെ ഒരു തരി ബാക്കി നിന്നു. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ യെച്ചൂരിയുടെ സാന്നിദ്ധ്യം എത്രമാത്രം നിർണ്ണായകമാണെന്ന തിരിച്ചറിവായിരുന്നു ആ പ്രത്യാശയുടെ പിന്നിൽ.
പക്ഷേ, മരണം അനിവാര്യതയാണ്. സഖാവ് യെച്ചൂരിയും കടന്നുപോയിരിക്കുന്നു. സിപിഎമ്മിനും ഇന്ത്യയ്ക്കും ഏറ്റവും ആവശ്യമായ ഒരു സമയത്താണ് ഈ വിടവാങ്ങൽ എന്ന കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണിയുടെ വാക്കുകളിൽ എല്ലാമുണ്ട്. ഒരു പ്രസ്ഥാനവും ഒരു വ്യക്തിയിൽ അവസാനിക്കുന്നില്ല. അങ്ങിനെ അവസാനിച്ചാൽ അത് ആ പ്രസ്ഥാനത്തിന്റെ അപചയവും ദൗര്‍ബല്യവുമാണ്. പക്ഷേ, ചില വ്യക്തികൾ പോകുമ്പോൾ അതൊരു വന്മരം ഇല്ലാതാവുന്നതുപോലെയാണ്. ആ വിടവ് ഏറെക്കാലം അവിടെയുണ്ടാവും. സിതാറാം യെച്ചൂരിയെ ഇനിയുമേറെക്കാലം ഇന്ത്യൻ ജനത ഓർക്കുക തന്നെ ചെയ്യും!

വഴിയിൽ കേട്ടത് : യെച്ചൂരിക്ക് ശേഷം സിപിഎം ജനറൽ സെക്രട്ടറി ആരായിരിക്കും? ചരിത്രത്തോടും കാലത്തോടും നീതി പുലർത്തുന്ന തീരുമാനമാണ് വേണ്ടതെങ്കിൽ ഇതിനുള്ള ഉത്തരം വൃന്ദ കാരാട്ട് എന്നായിരിക്കും!
Content Highlights: cpm general secretary Sitaram Yechury nomore
Published: 14 Sept 2024, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented