മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പൊതുചര്‍ച്ചയില്‍ കേരളത്തിലെ ഭരണത്തിന് പ്രശംസ. തുടര്‍ച്ചയായി ഭരണം നേടിയത് കേരളത്തിലെ പാര്‍ട്ടിയുടെ വിജയമെന്നാണ് ഝാര്‍ഖണ്ഡില്‍നിന്നുള്ള പ്രതിനിധിയുടെ പരാമര്‍ശം. പാര്‍ട്ടിയില്‍ കൂടുതല്‍ സ്ത്രീ പങ്കാളിത്തം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തെലങ്കാനയില്‍നിന്നുള്ള പ്രതിനിധി വിമര്‍ശിച്ചു.

To advertise here,

ഉച്ചവരെയുള്ള ചര്‍ച്ചയില്‍ 18 പേരാണ് പങ്കെടുത്തത്. നേതാക്കളെ വിലയിരുത്തേണ്ടത് പ്രവര്‍ത്തനം നോക്കിയാണെന്നും പ്രായപരിധി നോക്കിയല്ലെന്നും ചര്‍ച്ചയില്‍ ഒരുപ്രതിനിധി അഭിപ്രായപ്പെട്ടു. പ്രായപരിധി സംബന്ധിച്ച് മറ്റ് പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയില്ല. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് തുടര്‍ച്ചയായി ഭരണത്തിലെത്താന്‍ സാധിച്ചത് എന്നാണ് ഝാര്‍ഖണ്ഡില്‍നിന്നുള്ള പ്രതിനിധിയുടെ പരാമര്‍ശം.

തെലങ്കാനയില്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്നാണ് സംസ്ഥാനത്തുനിന്നുള്ള പ്രതിനിധിയുടെ സ്വയംവിമര്‍ശനം. തെലങ്കാന തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് ശ്രമിച്ചിട്ട് നടന്നില്ലെന്നും ചര്‍ച്ചയില്‍ വിലയിരുത്തലുണ്ടായി.

'രാഷ്ട്രീയ പ്രമേയത്തില്‍ 3424 ഭേദഗതികള്‍ അവതരിപ്പിച്ചു'

സിപിഎം രാഷ്ട്രീയ പ്രമേയത്തില്‍ 3424 ഭേദഗതികളും 84 നിര്‍ദേശങ്ങളും അവതരിപ്പിച്ചെന്ന് ബൃന്ദാ കാരാട്ട് വ്യക്തമാക്കി. 133 ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടു. കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ച വെള്ളിയാഴ്ചയും തുടരും. മേയ് 20-ലെ രാജ്യവ്യാപക തൊഴിലാളി പണിമുടക്കിന് പിന്തുണ നല്‍കുമെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.