സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധിചര്‍ച്ച പുരോഗമിക്കവെ, 75 വയസ്സ്‌ പ്രായപരിധിയുടെ പേരില്‍ നിലവിലെ ജനറല്‍സെക്രട്ടറി ഡി. രാജ മാറുമോയെന്നതില്‍ കനത്ത ആകാംക്ഷ. പാര്‍ട്ടി വരുത്തിയ ഭരണഘടനാഭേദഗതിയനുസരിച്ച്‌ പ്രായപരിധി വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന വികാരം ചൊവ്വാഴ്‌ച പ്രതിനിധിചര്‍ച്ചയില്‍ അലയടിച്ചു. ജനറല്‍സെക്രട്ടറിയടക്കം ദേശീയസെക്രട്ടേറിയറ്റില്‍ തലമുറമാറ്റമുണ്ടാകുമോയെന്ന ചോദ്യം ഇതോടെ ശക്തമായി. എന്നാല്‍, ബിഹാറിലും കേരളത്തിലുമുള്‍പ്പെടെ സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ, നിലവിലെ ദേശീയ നേതൃത്വത്തിന്റെ അനുഭവസമ്പത്ത്‌ മുന്‍നിര്‍ത്തി തല്‍ക്കാലം തുടരാന്‍ ഇളവ്‌ വേണമെന്ന വാദം ഇപ്പോഴും പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്‌.

To advertise here,

കേരളത്തില്‍ കര്‍ശനമായി നടപ്പാക്കിക്കഴിഞ്ഞ പ്രായപരിധി വ്യവസ്ഥ ദേശീയതലത്തിലെത്തുമ്പോള്‍ മാറ്റുന്നത്‌ തെറ്റായ മാതൃക സൃഷ്ടിക്കുമെന്ന്‌ സംഘടനാറിപ്പോര്‍ട്ടിന്മേല്‍ പ്രതിനിധിചര്‍ച്ച തുടങ്ങിവച്ച കേരളത്തിലെ ആര്‍. ലതാദേവി പറഞ്ഞു. തലമുറകള്‍ തമ്മിലെ വിടവ്‌ മാറ്റാനാണ്‌ പ്രായപരിധി മാനദണ്ഡം വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ്‌ ഭരണഘടനാഭേദഗതിയായി അംഗീകരിച്ചത്‌. അത്‌ ആര്‍ക്കെങ്കിലും വേണ്ടി മറികടക്കാന്‍ ശ്രമിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ ലതാദേവി പറഞ്ഞു.

കേരളത്തിന്‌ പുറമേ തമിഴ്‌നാട്‌, തെലങ്കാന, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങളും പ്രായപരിധി വ്യവസ്ഥ കര്‍ശനമാക്കണമെന്ന നിലപാടിലാണ്‌. 96 ശതമാനവും തമിഴ്‌നാട്ടില്‍ ഈ വ്യവസ്ഥ നടപ്പാക്കിയെന്നും അതില്ലാതാക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്നുമാണ്‌ തമിഴ്‌നാട്‌ പ്രതിനിധി വാദിച്ചത്‌. എന്നാല്‍, മറ്റൊരു പ്രബല ഘടകമായ ബിഹാര്‍ പ്രായപരിധിയില്‍ ഇളവാകാമെന്ന്‌ വാദിക്കുന്നു. പ്രായമായവരുടെ അനുഭവസമ്പത്തും പ്രയോജനപ്പെടുത്തണമെന്നാണ്‌ വാദം.

തമിഴ്‌നാട്ടില്‍ 75 വയസ്സ്‌ പിന്നിട്ട ആര്‍. മുത്തരശനെ മാറ്റി എം. വീരപാണ്ഡ്യനെ പുതിയ സംസ്ഥാനസെക്രട്ടറിയാക്കിയത്‌ പ്രായപരിധിവ്യവസ്ഥ കര്‍ശനമായി പാലിച്ചതിലൂടെയാണ്‌. അതിനാല്‍ ദേശീയനേതൃത്വത്തില്‍ ഇളവ്‌ പറ്റില്ലെന്നാണ്‌ വാദം. ബിഹാറില്‍ നിലവിലെ സംസ്ഥാനസെക്രട്ടറി രാം നരേശ്‌ പാണ്ഡെയ്‌ക്ക്‌ പ്രായപരിധിയില്‍ ഇളവ്‌ നല്‍കിയാണ്‌ സംസ്ഥാനസെക്രട്ടറിയായി അവരോധിച്ചത്‌. ഇതാണ്‌ ഇളവ്‌ നല്‍കുന്നതിനെ ബിഹാര്‍ അനുകൂലിക്കാന്‍ കാരണം.

കരട്‌ രാഷ്ട്രീയപ്രമേയം, സംഘടനാ, രാഷ്ട്രീയ അവലോകനറിപ്പോര്‍ട്ടുകള്‍ എന്നിവയിന്മേലുള്ള ചര്‍ച്ച ചൊവ്വാഴ്‌ച പൂര്‍ത്തിയായി. ബുധനാഴ്‌ച വിവിധ കമ്മിഷനുകളുടെ രൂപീകരണവും കരട്‌ രാഷ്ട്രീയപ്രമേയത്തിന്മേലുള്‍പ്പെടെ വന്ന ഭേദഗതികളുടെ പരിഗണനയും പൊതുചര്‍ച്ചയ്‌ക്കുള്ള മറുപടിയുമാണ്‌. വ്യാഴാഴ്‌ചയാണ്‌ പുതിയ ദേശീയകൗണ്‍സില്‍, എക്‌സിക്യൂട്ടീവ്‌, സെക്രട്ടേറിയറ്റ്‌ അംഗങ്ങളെയും ജനറല്‍സെക്രട്ടറിയെയും തിരഞ്ഞെടുക്കുക.

രാജ മാറിയാല്‍ ആര്‌?

രാജ മാറിയാല്‍ ജനറല്‍സെക്രട്ടറിയായി ആരെത്തുമെന്നതാണ്‌ ചോദ്യം. നിലവില്‍ എഐടിയുസി ജനറല്‍സെക്രട്ടറിയായ അമര്‍ജിത്‌ കൗറിന്റെ പേരാണ്‌ സജീവചര്‍ച്ചയില്‍. എന്നാല്‍, 73 വയസ്സിലെത്തിയ അവര്‍ പദവിയേറ്റെടുക്കുമോയെന്ന്‌ വ്യക്തമാക്കിയിട്ടില്ല. ഒരു ടേം കൂടി നിലവിലെ ജനറല്‍സെക്രട്ടറിക്ക്‌ വേണമെന്ന വാദഗതിക്ക്‌ ഇതുമൊരു കാരണമാണ്‌. പാര്‍ട്ടി രൂപീകരണത്തിന്റെ നൂറാം വാര്‍ഷിക ഒരുക്കങ്ങള്‍ മുന്നേറുമ്പോള്‍ നിലവിലെ സെക്രട്ടേറിയറ്റ്‌ അപ്പാടെ പൊളിച്ചെഴുതുന്നത്‌ ശരിയല്ലെന്നും വാദമുണ്ട്‌.

പ്രായപരിധി വ്യവസ്ഥ കര്‍ശനമാക്കുമോയെന്ന ചോദ്യത്തിന്‌, പുതിയ ജനറല്‍സെക്രട്ടറിയെയടക്കം പാര്‍ട്ടി കോണ്‍ഗ്രസ്‌ ഏകകണ്‌ഠമായി തിരഞ്ഞെടുക്കുമെന്ന മറുപടിയാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ വേദിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദേശീയനിര്‍വാഹകസമിതി അംഗം പി. സന്തോഷ്‌കുമാര്‍ നല്‍കിയത്‌. 24 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണപ്രദേശങ്ങളിലും നിന്നായി 712 പ്രതിനിധികളാണ്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍. കേരളത്തില്‍ നിന്ന്‌ കരട്‌ രാഷ്ട്രീയപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ അജിത്‌ കൊളാടി പങ്കെടുത്തു.

ഗ്രൂപ്പ്‌ ചര്‍ച്ചയില്‍ രണ്ടഭിപ്രായം

അതേസമയം, കേരള പ്രതിനിധികളുടെ ഗ്രൂപ്പ്‌ ചര്‍ച്ചയില്‍ പ്രായപരിധി വ്യവസ്ഥാക്കാര്യത്തില്‍ രണ്ടഭിപ്രായമുയര്‍ന്നു. യുവാക്കള്‍ക്ക്‌ പരിഗണന നല്‍കുമ്പോള്‍ തന്നെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന പ്രായമായവരെയും ഉപയോഗപ്പെടുത്തണമെന്നും രണ്ട്‌ കൂട്ടരെയും യോജിപ്പിച്ച്‌ പോയാലാണ്‌ നേട്ടമുണ്ടാവുകയെന്നും ഗ്രൂപ്പ്‌ ചര്‍ച്ചയില്‍ ഇ.എസ്‌. ബിജിമോള്‍ അഭിപ്രായപ്പെട്ടു.

രാജ തുടരണം, തുടരും: യുപിഘടകം

ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി. രാജ തുടരണമെന്നും തുടരുമെന്നും സി പി ഐ ഉത്തർപ്രദേശ് ഘടകം.

ഒരു ദളിത് നേതാവ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് അഭിമാനമാണന്നും മികച്ച പാർലമെൻ്റേറിയനും ദേശീയരാഷ്ട്രീയത്തിലെ അറിയപ്പെടുന്ന മുഖവുമാണ് രാജ എന്നും യു പി സംസ്ഥാന സെക്രട്ടറി അരവിന്ദ് രാജ് സ്വരൂപ് മാതൃഭ്രമിയോട്പ്രതികരിച്ചു.