ന്യൂഡൽഹി: വരുന്ന ഓഗസ്റ്റ് 15-ന് രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ വിതരണത്തിന് എത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആർ.) മുന്നോട്ട്. ഇതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐ.സി.എം.ആർ. ധാരണയിലെത്തി. ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഇക്കാര്യം സ്ഥിരീകരിച്ചു.

എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15-ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിനശ്രമത്തിലാണ്‌ തങ്ങളെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

icmr nod

രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമിച്ച വാക്സിനാണ് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്ര സർക്കാർ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഐ.സി.എം.ആർ. അനുമതി നൽകിയത്.

ഐ.സി.എം.ആറിന്റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അനുമതികൾ വേഗത്തിലാക്കണമെന്നും ഐ.സി.എം.ആറിലെ ഉദ്യോഗസ്ഥരോട് ബൽറാം ഭാർഗവ് പറയുന്നു. ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.

ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽവെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. അതിനുമുമ്പ് വാക്സിൻ വിജയകരമായി പരീക്ഷിച്ചുറപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ വെച്ചാണ് ഐ.സി.എം.ആർ. മുന്നോട്ടു പോകുന്നത്.

Content Highlights:COVID-19 vaccine by Aug 15? ICMR, Bharat Biotech join hands