
ന്യൂഡല്‍ഹി: ബി.ജെ.പി. എം.പി.യും നടിയുമായ കങ്കണ റണൗട്ട് ഗാന്ധിജയന്തിദിനത്തില്‍ പങ്കുവെച്ച സാമൂഹികമാധ്യമ പോസ്റ്റ് വിവാദത്തില്‍. രാജ്യത്തിന് രാഷ്ട്രപിതാവ് ഇല്ലെന്നും ഭാരതമാതാവിന്റെ പുത്രന്മാരേയുള്ളു എന്നുമുള്ള കങ്കണയുടെ അഭിപ്രായമാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇതിന് മറുപടിയുമായി മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ 120-ാം ജന്മവാര്ഷിക ആശംസ നേരുന്ന കങ്കണയുടെ ഇന്‍സ്റ്റഗ്രാം 'സ്റ്റോറി'യില്‍ ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം 'രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാര് അനുഗൃഹീതരാണ്' എന്നാണ് കങ്കണ കുറിച്ചത്. മാത്രമല്ല, ഗാന്ധിജിയുടെ ശുചിത്വഭാരതം എന്ന ആശയം മുന്നോട്ട് കൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നും കങ്കണ പറഞ്ഞു.
ഇതിനുപിന്നാലെയാണ് കങ്കണയ്ക്ക് ശക്തമായ ഭാഷയില്‍ മറുപടിയുമായി ബി.ജെ.പി. നേതാക്കളടക്കം രംഗത്തെത്തിയത്. രാഷ്ട്രീയത്തില്‍ കാലെടുത്തുവെച്ച ചുരുങ്ങിയ കാലയളവില്‍ത്തന്നെ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ് കങ്കണയെന്ന് പഞ്ചാബില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവ് മനോരഞ്ജന്‍ കാലിയ കുറ്റപ്പെടുത്തി.
ഗാന്ധിജിയെക്കുറിച്ച് കങ്കണ നടത്തിയ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയം അവരുടെ മേഖലയല്ല. രാഷ്ട്രീയം കുറച്ചുകൂടി ഗൗരവമുള്ള കാര്യമാണ്. അവിടെ ചിന്തിച്ച് മാത്രമേ സംസാരിക്കാവൂ. കങ്കണയുടെ അനാവശ്യ വിവാദങ്ങള്‍ പാര്‍ട്ടിക്ക് വലിയ തോതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും മനോരഞ്ജന്‍ കാലിയ പറഞ്ഞു.
നേരത്തെ കങ്കണയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേത്തും രംഗത്തെത്തിയിരുന്നു. ഗോഡ്സേയുടെ സ്തുതിപാടകരാണ് ഗാന്ധിജിക്കും ശാസ്ത്രിജിക്കും ഇടയിലുള്ള അന്തരത്തെക്കുറിച്ച് സംസാരിക്കുന്നത്. നരേന്ദ്രമോദി ഇത് സഹിക്കുമോ? ഇന്ത്യക്കൊരു രാഷ്ട്രപിതാവുണ്ട്, രാജ്യത്തിന്റെ പുത്രന്മാരും രക്തസാക്ഷികളുമുണ്ട്. അവരെല്ലാവരും ബഹുമാനം അര്‍ഹിക്കുന്നു, സുപ്രിയ പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി. എം.പി.യാണ് കങ്കണ. നേരത്തെ കര്‍ഷകസമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പരാമര്‍ശവും വിവദമായിരുന്നു. രാഷ്ട്രീയത്തില്‍ പുതിയ ആളായതുകൊണ്ട് സംഭവിച്ച അബദ്ധമാണ് എന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ അന്ന് പറഞ്ഞത്.
Content Highlights: country dont have fathers kangana ranaut comments sparks controversy
Published: 03 Oct 2024, 12:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented