ഛണ്ഡീഗഢ്: മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ തന്നെ 2022 പഞ്ചാബ് നിമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സംസ്ഥാനത്തിന്റെ ചുമതലുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്. അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുള്ള സിദ്ധു അനുകൂലികളുടെ വാദത്തിന് തിരിച്ചടിയാണ് ഹരീഷ് റാവത്തിന്റെ പ്രസ്താവന.

To advertise here,

കഴിഞ്ഞ ദിവസങ്ങളില്‍  ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും ഹരീഷ് റാവത്തിനെ കണ്ട് അമരീന്ദര്‍ സിങിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. 

കാബിനറ്റ് മന്ത്രിമാരായ ട്രിപ്ത് രജീന്ദര്‍ സിങ് ബജ്‌വ, സുഖ്ബീന്ദര്‍ സിങ് സകറിയ, സുഖ്ജിന്ദര്‍ സിങ് രന്ദവ്, ചരണ്‍ജിത് സിങ് ചാന്നി എന്നിവരാണ് നേരത്തെ ഹരീഷ് റാവത്തിനെ ഡെഹ്‌റാഡൂണിലെത്തി കണ്ടത്. അമരീന്ദര്‍ സിങ്ങിന്റെ വിമര്‍ശകരാണ് ഈ മന്ത്രിമാര്‍. ചൊവ്വാഴ്ച 25 ഓളം എംഎല്‍എമാര്‍ തങ്ങള്‍ക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടമായെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഹരീഷ് റാവത്തിനെ കണ്ടിരുന്നു. 

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. തങ്ങളുടെ വികാരങ്ങള്‍ അറിയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്നും അവര്‍ പറഞ്ഞിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവിന്റെ  ഉപദേശകരെ കണ്ട ശേഷമായിരുന്നു എംഎല്‍എമാരുടെ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്.