ന്യൂഡല്‍ഹി: കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക ക്രമക്കേട് നടക്കുന്നതായുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണം ശരിയാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. വോട്ട് കവര്‍ച്ച വെളിവാക്കുന്ന പട്ടികയടക്കമുള്ള വീഡിയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് പങ്കുവെച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയാണ് ക്രമക്കേടെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. 

To advertise here,

'തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ നടക്കുന്ന ക്രമക്കേടിന്റെ രീതികളും തന്ത്രങ്ങളും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഈയിടെ തുറന്നുകാട്ടി. ഇതാ തെളിവ്, താഴെ കാണുന്ന പട്ടികയില്‍ 30,000-ല്‍ അധികം വ്യാജ വിലാസങ്ങളുണ്ട്  അവയില്‍ ഭൂരിഭാഗവും ''ഹൗസ് നമ്പര്‍ '0', '00', '000'', '-'', '' എന്നിങ്ങനെയുള്ളവയാണ്. ബാക്കിയുള്ള 9000 വിലാസങ്ങളില്‍ ഭൂരിഭാഗവും വെറും സ്ഥലപ്പേരുകള്‍ മാത്രമാണ്. ഇപ്പോള്‍ കാര്യം പിടികിട്ടിയോ?,' എന്നാണ് കോണ്‍ഗ്രസ് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത് 

'ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഈ കണക്കുകള്‍ ഒരു ലോക്സഭാ സീറ്റിലെ ഒരേയൊരു നിയമസഭാ മണ്ഡലത്തിലേത് മാത്രമാണ്. രാജ്യം മുഴുവന്‍ പരിശോധിച്ചാല്‍ ഇനിയും എത്ര വ്യാജ വിലാസങ്ങള്‍ കണ്ടെത്താനാകുമെന്ന് ഒന്നാലോചിച്ച് നോക്കൂ,' കോണ്‍ഗ്രസ് പങ്കുവെച്ച് പോസ്റ്റില്‍ പറയുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്, കര്‍ണാടകയിലുള്ള ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. വിഷയം വലിയതോതില്‍ ചര്‍ച്ചയായെങ്കിലും രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും തയ്യാറായിട്ടില്ല.