ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതിന് ക്ഷമ ചോദിക്കുന്നതിന് പകരം പ്രധാനമന്ത്രി തൊഴിലാളികളെ സഹായിച്ചവരെ ചോദ്യം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രിയപ്പെട്ട പലരേയും നഷ്ടമായതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. 

To advertise here,

'ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി തൊഴിലാളികളെ കഷ്ടപ്പാടിലേക്ക് തള്ളിവിട്ടതിന് ക്ഷമ ചോദിക്കുന്നതിന് പകരം അവരെ സഹായിച്ചവരെയാണ് പ്രധാനമന്ത്രി ചോദ്യം ചെയ്യുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. അവരുടെ വേദനകള്‍ക്ക് നേരെ ലജ്ജയില്ലാതെ ചിരിക്കുകയാണ് സര്‍ക്കാര്‍'- അദ്ദേഹം ട്വീറ്റ് ചെയ്തു.

പാര്‍ലമെന്റില്‍ ഇന്ന് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തിനും ലോക്ക്ഡൗണ്‍ കാലത്തെ കുടിയേറ്റ തൊഴിലാളി പ്രതിസന്ധിക്കും കാരണം കോണ്‍ഗ്രസ് ആണെന്നായിരുന്നു മോദിയുടെ വിമര്‍ശനം. നല്ലതൊന്നും കോണ്‍ഗ്രസ് ചെയ്യുന്നില്ല, രാജ്യത്തിന് ഈ പാര്‍ട്ടിയെ മടുത്തെന്നും അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ നന്ദിപ്രകടന പ്രസംഗത്തില്‍  പറഞ്ഞിരുന്നു.