
ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ നടന്ന അക്രമങ്ങളെ അപലപിക്കാൻ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജാഥ സംഘടിപ്പിക്കാൻ കോൺഗ്രസ്. ശനിയാഴ്ച വൈകുന്നേരം രാജ്യവ്യാപകമായി ജില്ലാ തലത്തിൽ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കാനാണ് ആഹ്വാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സംസ്ഥാന ഘടകങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത തകരുകയും രാജ്യത്തെ യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം. വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രതിഷേധ പരിപാടികൾ സമാധാനപരവും അച്ചടക്കമുള്ളതുമായിരിക്കണമെന്നും നിർദേശത്തിലുണ്ട്.
ഓരോ ജില്ലയിലും സംഘടിപ്പിക്കുന്ന മെഴുകുതിരി ജാഥകൾ മഹാത്മാഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറുടെയോ പ്രതിമകൾക്ക് മുന്നിൽ സമാപിക്കണമെന്നും അവിടെ സത്യാഗ്രഹം സംഘടിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. സംസ്ഥാന, ജില്ലാ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ, വിവിധ പോഷകസംഘടനകൾ, വിദ്യാർഥികൾ, യുവാക്കൾ, രക്ഷിതാക്കൾ, സാമൂഹ്യപ്രവർത്തകർ എന്നിവരെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കണമെന്നും നിർദേശമുണ്ട്. വിദ്യാർഥികളുടെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും ജനങ്ങളെ അടിച്ചമർത്താനുള്ള ഏത് ശ്രമത്തെയും ശക്തമായി നേരിടുമെന്നും പാർട്ടി അറിയിച്ചു.
Content Highlights: Nationwide candle marches and satyagraha on July 25., Protest against NEET and CBSE exam irregularities., Demand for Education Minister Dharmendra Pradhan's resignation., Emphasis on peaceful and disciplined democratic protest., Sonam Wangchuk ends 26-day hunger strike following government assurances.
Published: 24 Jul 2026, 05:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented