ന്യൂഡല്‍ഹി: ഭരണഘടനാ ശില്പി ഡോ.ബി.ആര്‍. അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തിനെതിരെ ഇന്ന്(തിങ്കൾ) രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടര്‍മാര്‍ക്ക് പ്രത്യേകം കത്ത് നല്‍കും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്കും കത്ത് നല്‍കും. 

To advertise here,

പ്രതിഷേധ പരിപാടികളുടെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംബേദ്കര്‍ പ്രതിമയില്‍ പൂക്കള്‍ അര്‍പ്പിക്കും. പാര്‍ലമെന്റില്‍ തുടര്‍ച്ചയായി കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് തെരുവുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാജ്യസഭയില്‍ അംബേദ്കറെക്കുറിച്ച് നടത്തിയ പരാമര്‍ശം രാഷ്ട്രീയകലഹത്തിന് വഴിവെച്ചിരുന്നു. ''അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്നിങ്ങനെ പറയുന്നത് ഫാഷനായിരിക്കുന്നു. ഇതിനുപകരം ദൈവത്തിന്റെ പേരാണ് കോണ്‍ഗ്രസ് പറയുന്നതെങ്കില്‍, അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം കിട്ടുമായിരുന്നു'' എന്നാണ് ഷാ പറഞ്ഞത്.

ഭരണഘടനാ ചര്‍ച്ചയ്ക്ക് മറുപടി നല്‍കുമ്പോഴാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പരാമര്‍ശം നടത്തിയത്. ഇത് വന്‍ ബഹളത്തിനിടയാക്കി. സഭാനടപടി തടസ്സപ്പെട്ടു. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള മറ്റ് പ്രതിപക്ഷ നേതാക്കളും അത് ആവര്‍ത്തിച്ചു.

അതേസമയം, അംബേദ്കറെ അവഹേളിക്കുന്നത് കോണ്‍ഗ്രസാണെന്ന് ആരോപിച്ച് അമിത് ഷായ്ക്ക് പ്രതിരോധം തീര്‍ത്ത് പ്രധാനമന്ത്രിയും ബി.ജെ.പി. നേതാക്കളും അണിനിരന്നു. അംബേദ്കര്‍ക്കെതിരെ കോണ്‍ഗ്രസ് പാപം ചെയ്‌തെന്നും അംബേദ്കറുടെ പാരമ്പര്യം നശിപ്പിക്കുന്നതിന് ഹീനമായ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് പ്രയോഗിച്ചെന്നും പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.