ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയി ജീവനൊടുക്കിയതിന്റെ ഉത്തരവാദികളായി ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിൽ നിർത്തി ബന്ധുക്കൾ. റോയിക്ക് ശത്രുക്കളോ ഏതെങ്കിലുംതരത്തിലുള്ള ഭീഷണിയോ കടബാധ്യതയോ വിഷാദമോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സി.ജെ. ബാബു പറഞ്ഞു. ആദായനികുതി വകുപ്പിന്റെ പരിശോധനയുടെ സമ്മർദത്തിലായിരുന്നു റോയിയെന്നും പറഞ്ഞു.

To advertise here,

ശനിയാഴ്ച ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ റോയിയുടെ മൃതദേഹം കാണാനെത്തിയപ്പോഴാണ് അദ്ദേഹം ആരോപണം കടുപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ രണ്ടുതവണ തന്നെ വിളിച്ച റോയി, ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിലാണ് താനെന്നും ഉടൻ ബെംഗളൂരുവിലെത്തണമെന്നും ആവശ്യപ്പെട്ടതായും ബാബു പറഞ്ഞു. തായ്ലാൻഡിലെ ഫുക്കറ്റിൽനിന്നാണ് ബാബു എത്തിയത്.

2025 ഡിസംബർ മൂന്നിനാണ് ഐ.ടി. ഉദ്യോഗസ്ഥർ ആദ്യം ബെംഗളൂരുവിൽ പരിശോധനയ്‌ക്കെത്തിയത്. കുറച്ചുദിവസം അവർ ബെംഗളൂരുവിൽ തങ്ങി പരിശോധന നടത്തി. ജനുവരി 28-ന് ഉദ്യോഗസ്ഥർ വീണ്ടുമെത്തി.

ദുബായിലായിരുന്ന റോയിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഡിസംബറിലെ പരിശോധനയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ഐ.ടി. ഉദ്യോഗസ്ഥർ വീണ്ടും പരിശോധനയ്‌ക്കെത്തിയതെന്നാണ് സൂചന.

അതിനിടെ, റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. സ്വയം വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കും കസ്റ്റഡിയിലെടുത്തു.

തോക്ക് ഫൊറൻസിക് പരിശോധനയ്ക്കയച്ചു. ബെംഗളൂരു ബൗറിങ് ആശുപത്രിയിൽ റോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി. ദുബായിലായിരുന്ന ഭാര്യ ലിനി റോയിയും മക്കളായ രോഹിത്തും റിയയും ശനിയാഴ്ച പുലർച്ചെ ബൗറിങ് ആശുപത്രിയിലെത്തി.

നേരറിയാൻ എസ്‌ഐടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം അന്വേഷിക്കാൻ പ്രത്യേകസംഘത്തിന് (എസ്.ഐ.ടി.) രൂപംനൽകി കർണാടകസർക്കാർ. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ (സൗത്ത്) ലോകേഷ് ജഗൽസാറിന്റെ നേതൃത്വത്തിലുള്ള സംഘം ജോയിന്റ് കമ്മിഷണർ (വെസ്റ്റ് സോൺ) സി. വംശികൃഷ്ണയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക. ബെംഗളൂരു പോലീസിന്റെ സെൻട്രൽ, സൗത്ത് ഡിവിഷനുകളിലെയും സി.സി.ആർ.ബി.യിലെയും അശോക് നഗർ പോലീസ് സ്റ്റേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ സംഘത്തിൽ അംഗങ്ങളാണ്. അസ്വാഭാവികമരണത്തിന് അശോക് നഗർ പോലീസ് രജിസ്റ്റർചെയ്ത കേസാണ് എസ്.ഐ.ടി.ക്ക് കൈമാറിയത്. റോയിയുടെ മരണത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉത്തരവിട്ടിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)