ബെംഗളൂരു: കര്‍ണാടകയിലെ ടെക്‌നോളജി കമ്പനിയായ നെബിലിയോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് ഹാക്കര്‍മാര്‍ ചോര്‍ത്തിയത് 384 കോടി രൂപ. പ്രമുഖ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമായ കോയിന്‍ ഡിസിഎക്‌സിന്റെ (CoinDCX) മാതൃകമ്പനിയാണ് നെബിലിയോ ടെക്‌നോളജീസ്. ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ സൈബര്‍ കുറ്റകൃത്യമായാണ് ഈ ഹാക്കിങ്ങിനെ വിലയിരുത്തുന്നത്.

To advertise here,

കമ്പനിയുടെ ക്രിപ്‌റ്റോ കറന്‍സി വാലറ്റ് ഹാക്ക് ചെയ്ത് 4.4 കോടി ഡോളര്‍ ഏകദേശം 384 കോടി ഇന്ത്യന്‍ രൂപ) മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന് കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലായ് 19ന് പുലര്‍ച്ചെ 2.37നാണ് ഹാക്കിങ് നടന്നതെന്നും ആറ് അക്കൗണ്ടുകളിലേക്കാണ് ക്രിപ്‌റ്റോ കറന്‍സികള്‍ മാറ്റിയതെന്നും പരാതിയില്‍ പറയുന്നു. 

കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരനായ രാഹുല്‍ അഗര്‍വാള്‍ എന്നയാളുടെ ലാപ്‌ടോപ്പും ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തി. ഇയാളില്‍ നിന്ന് വിവരങ്ങള്‍ തേടിയപ്പോള്‍ താന്‍ ഒരു പാര്‍ട്ട് ടൈം ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. ഓഫീസ് ജോലികള്‍ക്ക് വേണ്ടി കമ്പനി നല്‍കിയ ലാപ്‌ടോപ്പായിരുന്നു ഇതെന്നാണ് കമ്പനി പറയുന്നത്. മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കുമുണ്ട്. കമ്പനി നിര്‍ദ്ദേശങ്ങള്‍ അഗര്‍വാള്‍ അവഗണിച്ചു. 

അഗര്‍വാളിനും ഹാക്കിങ്ങില്‍ പങ്കുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത ഐടി നിയമങ്ങള്‍ പ്രകാരം വിവിധ വകുപ്പുകളിട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.