ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായവുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളിൽ പ്രതിഷേധിച്ച് ശനിയാഴ്ച ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ തങ്ങളുടെ ആദ്യത്തെ ‘ഓഫ് ലൈൻ’ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഓൺലൈൻ ആക്ഷേപഹാസ്യ ക്യാമ്പയിനായി ആരംഭിച്ച കോക്രോച്ച് ജനതാ പാർട്ടി, ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾക്കും പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സമരത്തിനൊരുങ്ങുന്നത്. ഔദ്യോഗികമായി പോലീസ് അനുമതി ലഭിച്ചില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പാർട്ടിയുടെ വക്താക്കൾ അറിയിച്ചു.

To advertise here,

സമാധാനപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും നിലവിലെ നിയമപരമായ നടപടിക്രമങ്ങളോടുള്ള വിയോജിപ്പും പാർട്ടി പ്രകടിപ്പിക്കുന്നുണ്ട്. പ്രതിഷേധം നടത്തുന്ന ദിവസം, ജൂൺ ആറിന് തന്നെയാണ് അനുമതി തേടാനും ഉദ്ദേശിക്കുന്നതെന്ന് വക്താക്കൾ പറഞ്ഞു. 'അനുമതി ലഭിച്ചില്ലെങ്കിലും ജന്തർ മന്തറിൽ പ്രതിഷേധം നടക്കും', സിജെപിയുടെ മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു. സമാധാനപരമായ പ്രതിഷേധമാണ് തങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും ഡൽഹി പോലീസിൽ പൂർണ വിശ്വാസമുണ്ടെന്നും അനുമതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പ്രതിഷേധിക്കാൻ താജ്മഹലിലോ ഇന്ത്യ ഗേറ്റോ അല്ലല്ലോ ഞങ്ങൾ തിരഞ്ഞെടുത്തത്. ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായുള്ള സ്ഥലമാണ്. ഡൽഹി പോലീസ് ആവശ്യമായ അനുമതി നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' സൗരവ് ദാസ് വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ, സമാധാനപരമായ പ്രതിഷേധമാണെങ്കിൽ പോലും അവ സംഘടിപ്പിക്കുന്നതിന് മുൻകൂട്ടി അനുമതി നേടേണ്ടതുണ്ട്. തങ്ങളുടെ പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് വക്താക്കൾ ആവർത്തിച്ചു. എങ്കിലും അവിടെ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ച് പ്രവചിക്കാൻ കഴിയില്ലെന്നും അവർ സമ്മതിച്ചിട്ടുണ്ട്.

ജൂൺ ഒന്നിനാണ് സിജെപി സ്ഥാപകൻ അഭിജിത് ദീപികെ ആറാം തീയതി പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ദീപ്‌കെ അമേരിക്കയിൽനിന്ന് തിരിച്ചെത്തുന്ന, ശനിയാഴ്ചതന്നെ സമരം നടത്താനാണ് കൂട്ടായ്മയുടെ തീരുമാനം. സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനം ചെലുത്തിയ 'കോക്രോച്ച് ക്യാമ്പയിൻ' ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കയിലെ ബോസ്റ്റണിലുള്ള ദീപ്‌കെ ഇന്ത്യയിലെത്തുന്നത്. 

കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്‌കർത്താവുമായ സോനം വാങ്ചുക്കിന്റെ പിന്തുണയും ഈ പ്രതിഷേധത്തിനുണ്ട്. ദീപ്‌കെയെ സ്വീകരിക്കാൻ അദ്ദേഹം വിമാനത്താവളത്തിൽ എത്തിയേക്കുമെന്ന് സിജെപി വക്താവ് അശുതോഷ് റാങ്ക അറിയിച്ചു. 'ദീപ്‌കെ വിമാനത്താവളത്തിൽ ഇറങ്ങിക്കഴിഞ്ഞാൽ, അദ്ദേഹത്തോടൊപ്പം പോയി ഡൽഹി പോലീസിനോട് പ്രതിഷേധത്തിന് അനുമതി തേടാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്', റാങ്ക പറഞ്ഞു.

എന്തുകൊണ്ടാണ് മുൻകൂട്ടി അനുമതി തേടാത്തത് എന്ന ചോദ്യത്തിന്, 'പ്രതിഷേധം നടത്തുമെന്ന് തിങ്കളാഴ്ച അഭിജിത് ദീപ്‌കെ നടത്തിയ പൊതു പ്രഖ്യാപനവും സിജെപി വക്താക്കളുടെ ബുധനാഴ്ചത്തെ വാർത്താ സമ്മേളനവും വഴി പോലീസ് ഈ കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത്', എന്നാണ് വക്താക്കൾ നൽകിയ മറുപടി. രാജ്യത്ത് പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന രീതിക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് സിജെപി ലക്ഷ്യമിടുന്നത്.

നിലവിലെ നിയമമനുസരിച്ച്, പ്രതിഷേധം നടത്താൻ ഉദ്ദേശിക്കുന്നതിന് ഏഴ് ദിവസം മുമ്പ് അപേക്ഷ നൽകേണ്ടതുണ്ട്. 'ഞങ്ങൾ പോലീസിനോ പൊതുജനങ്ങൾക്കോ ഒരു ഭീഷണിയാകാനല്ല പ്രതിഷേധിക്കുന്നത്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നത്', റാങ്ക വ്യക്തമാക്കി. ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.