ന്യൂഡൽഹി: എന്തായിത്തീരുമെന്ന് വ്യക്തതയില്ലാത്ത പാറ്റകളുടെ പ്രതിഷേധത്തെ കരുതലോടെ നേരിട്ട് കേന്ദ്രസർക്കാർ. സാമൂഹിക മാധ്യമങ്ങളിൽ വൻപിന്തുണ ലഭിച്ച കോക്രോച്ച് ജനതാ പാർട്ടിയെ (സി.ജെ.പി.) പ്രകോപിപ്പിച്ച് വലുതാക്കുന്നതിനു പകരം അവഗണിച്ചും അകലംപാലിച്ചും നിൽക്കാനാണ് സർക്കാർ ശ്രമം. ഡൽഹി ജന്തർമന്തറിലെ പാറ്റകളുടെ പ്രതിഷേധത്തെ സർക്കാരും സുരക്ഷാ സേനകളും ശനിയാഴ്ച നേരിട്ട രീതിയിൽനിന്നും ഇക്കാര്യം വ്യക്തമാണ്. അപേക്ഷ നൽകുംമുൻപേ പ്രതിഷേധത്തിന് അനുമതിനൽകിയും ജന്തർമന്തറിലേക്കുള്ള ഒഴുക്ക് തടയാതെയും പോലീസ് സ്വീകരിച്ച ‘സംയമന’വും സർക്കാരിന്റെ തന്ത്രമാകാം.

To advertise here,

നിർഭയാ സമരം, അണ്ണ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭം, സി.എ.എ. പ്രതിഷേധങ്ങൾ തുടങ്ങിയവയെ നേരിട്ടപോലെയായിരുന്നില്ല, സർക്കാരിന് പാറ്റകളോടുള്ള സമീപനം. അന്നെല്ലാംതന്നെ ജന്തർമന്തറിനു സമീപത്തെ റോഡുകളും മെട്രോ സ്റ്റേഷനുകളും അടച്ചിട്ടും ഗതാഗതം നിയന്ത്രിച്ചും സുരക്ഷാസേനാംഗങ്ങൾ നിലയുറപ്പിച്ചിരുന്നു.

അമേരിക്കയിൽനിന്നെത്തുന്ന സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്‌കെ രാവിലെ ഒൻപതോടെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധത്തിന് അനുമതി തേടുമെന്നാണ് കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച രാവിലെ എട്ടിന് ഡൽഹി വിമാനത്താവളത്തിലിറങ്ങിയ അഭിജീത്തിന് പോലീസ് നേരിട്ടുചെന്ന്‌ അനുമതികൊടുത്തു. ഇനി പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് വരേണ്ടെന്നും നേരിട്ട് ജന്തർമന്തറിലേക്ക് പൊയ്‌ക്കൊള്ളാനും പോലീസ് പറഞ്ഞു.

പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡുപോലും പോലീസ് അടച്ചില്ല. ജന്തർമന്തറിന് തൊട്ടടുത്തുള്ള പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനും അടച്ചില്ല. സാമൂഹിക മാധ്യമങ്ങളിലെ ആഹ്വാനപ്രകാരമെത്തുന്ന യുവാക്കളെ ഏതെങ്കിലുംവിധം തടയുന്നത് അവരിലെ രോഷം ശക്തമാകാൻ വഴിയൊരുക്കുമെന്ന് സർക്കാർ കരുതിക്കാണണം.

അതേസമയം, വിമാനത്താവളംമുതൽ നഗരത്തിലെ സുപ്രധാനകേന്ദ്രങ്ങളിലെല്ലാം സുരക്ഷ വർധിപ്പിച്ചും കൂടുതൽ പോലീസിനെ വിന്യസിച്ചും നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരുടെ വസതികൾക്കു സമീപവും സുരക്ഷ വർധിപ്പിച്ചു. പാറ്റകൾക്കെതിരേ പ്രതിഷേധവുമായെത്തിയവരെ നീക്കി.