ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ സിജെപി പ്രതിഷേധം തുടങ്ങുംമുമ്പേ 600 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. പ്രതിഷേധത്തിനെത്തുന്ന വിദ്യാർഥികളെ വിവിധയിടങ്ങളിൽനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

To advertise here,

കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. മെട്രോ, ട്രെയിൻ ഗതാഗതങ്ങൾക്കടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പത്തുമണിയോടെയാണ് പ്രതിഷേധം ആരംഭിക്കുമെന്ന് സി.ജെ.പി. അറിയിച്ചിരിക്കുന്നത്.

പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മോദി പരാജയം സമ്മതിച്ചുവെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. രാജ്യത്തെ യുവാക്കളെയും ജനങ്ങളെയും പ്രധാനമന്ത്രി എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത്. ട്രെയിൻ സർവീസുകൾ നിർത്തിവെക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു?, അദ്ദേഹം ആരാഞ്ഞു. ഇന്റർനെറ്റ് വിച്ഛേദിക്കുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തെന്നും അഭിജീത് ദിപ്കെ കൂട്ടിച്ചേർത്തു.

ധർമേന്ദ്ര പ്രധാനെതിരായ സി.ജെ.പി. പ്രതിഷേധം തീർത്ത ആഘാതത്തിന് പിന്നാലെയാണ് കേന്ദ്രത്തെ വെട്ടിലാക്കിക്കൊണ്ട് വീണ്ടും സി.ജെ.പി. രാജ്യ തലസ്ഥാനത്ത് പറന്നിറങ്ങുന്നത്. ആദ്യ ഘട്ട പ്രതിഷേധത്തിൽ കാലിടറിയ കേന്ദ്രം അതീവ ജാഗ്രതയോടെയാണ് പ്രക്ഷോഭത്തെ നേരിടാനൊരുങ്ങുന്നത്. ഇരുപതിനായിരത്തോളം വരുന്ന സുരക്ഷാ സേനയെയാണ് രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. തത്സമയ നിരീക്ഷണത്തിനായി ഡ്രോണുകളടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ എടുക്കുന്നവരെ തടങ്കലിലെത്തിക്കാനാവശ്യമായ 600 ഓളം ബസുകളും സ്ഥലത്ത് ഒരുക്കി നിർത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ല..

രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ് എന്നിവയുൾപ്പെടെ 45 മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചു. കൂടാതെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ട 250-ഓളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

ജൻപഥ്-കർത്തവ്യ പഥ് ക്രോസിംഗിന് ചുറ്റുമുള്ള 4 കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ജന്തർ മന്ദറിലേക്ക് പോകുന്ന റോഡുകളിൽ ഏഴ് തട്ടുകളുള്ള സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ തെളിവുകൾ ശേഖരിക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നൽകിയിട്ടുണ്ട്. കൂടാതെ പ്രദേശത്ത് 300-ലധികം ഓഡിയോ ശേഷിയുള്ള സിസിടിവി ക്യാമറകളും വിന്യസിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തങ്ങളുടെ പ്രവർത്തകർ ജന്തർ മന്ദിറിലേക്ക് മാർച്ച് ചെയ്യുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു. സർക്കാരും പോലീസും ചേർന്നാണ് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം അനുമതിയില്ലാത്ത പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നിയമനടപടിയും അറസ്റ്റും ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.