ജയ്‌പുർ: അൽവാർ ജില്ലയിലെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി. ഓർഗനൈസേഷണൽ കോ-ഇൻ-ചാർജ് ദീപക് ബാലിയാനെ വാഹനത്തിൽക്കയറ്റി നൂറുകിലോമീറ്റർ അകലെ ഇറക്കിവിട്ടതായി ആക്ഷേപം. കാലിന് പരിക്കേറ്റിരുന്ന അദ്ദേഹത്തോട് ക്രൂരമായി പെരുമാറിയെന്നും കോക്രോച്ച് ജനതാ പാർട്ടി സഹ കൺവീനർ അശുതോഷ് റാങ്ക ആരോപിച്ചു.

To advertise here,

പോലീസ് തന്റെ മൊബൈൽ ഫോണും ചെരിപ്പും പിടിച്ചെടുത്തെന്നും മർദിച്ചില്ലെന്ന് നിർബന്ധിച്ച് എഴുതിവാങ്ങിയെന്നും ബാലിയാൻ പറഞ്ഞു. സി.ജെ.പി. പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് തീവണ്ടിയിൽ പോവുകയായിരുന്ന പതിനഞ്ചോളം വിദ്യാർഥികളെ മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ഇടാർസി ജങ്ഷനിൽ നിർബന്ധിച്ച് ഇറക്കിവിട്ടതായും ആരോപണമുണ്ട്. പോലീസുകാർ വിദ്യാർഥികളെ തീവണ്ടിയിൽനിന്ന് ഇറക്കിവിടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ധ്രുവ് റാഠിയുടെ പൗരത്വം പരിശോധിക്കണമെന്ന് മുൻ ബെംഗളൂരു പോലീസ് കമ്മിഷണർ

: തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ ബെംഗളൂരുവിൽ വ്യാഴാഴ്ച നടന്ന സമരത്തിൽ പങ്കെടുത്ത യുറ്റ്യൂബറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠിയുടെ പൗരത്വത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു മുൻ സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു. കർണാടക ബി.ജെ.പി. നേതാവുകൂടിയായ ഭാസ്കർറാവു ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു. ധ്രുവ് റാഠിയുടെ ഇമിഗ്രേഷൻ, വിസ രേഖകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച സമരത്തിലാണ് കോക്രോച്ച് ജനതാപാർട്ടി നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷ് എന്നിവർക്കൊപ്പം ധ്രുവ് റാഠിയും അണിചേർന്നത്. നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്ത പ്രതിഷേധത്തിൽ പ്രസംഗിക്കുകയും ചെയ്തു. പ്രത്യേക വിസയുടെയോ ഇമിഗ്രേഷൻ അനുമതിയുടെയോ അടിസ്ഥാനത്തിൽ ഇന്ത്യയിലെത്തിയ ഒരു വിദേശപൗരന് ഒരു ഭരണഘടനാസ്ഥാപനത്തിന്റെ (തിരഞ്ഞെടുപ്പു കമ്മിഷൻ) പ്രവർത്തനവുമായി ബന്ധപ്പെടുത്തിയുള്ള സംഘടിത രാഷ്ട്രീയപ്രതിഷേധത്തിൽ പങ്കെടുക്കാനും പ്രസംഗിക്കാനും നിയമപരമായി അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ധ്രുവ് റാഠി ഇന്ത്യയിലെത്തിയതിന്റെ ഉദ്ദേശ്യമെന്താണെന്നും എന്തിനാണ് ഇവിടെ താമസിക്കുന്നതെന്നും പരിശോധിക്കണം -കത്തിൽ ആവശ്യപ്പെട്ടു.

ഹരിയാണയിൽ ജനിച്ച ധ്രുവ് റാഠി ജർമനിയിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കിയതാണ്. പിന്നീട് സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും പഠനം തുടർന്നു. അദ്ദേഹം ഇന്ത്യയിലെത്തി ആദ്യമായി പങ്കെടുക്കുന്ന സമരമായിരുന്നു ബെംഗളൂരുവിലേത്.